നടന്നത് തൊഴില്‍ പീഡനമല്ല, ദൃശ്യങ്ങള്‍ക്ക് പിന്നില്‍ കമ്ബനിയുടെ പഴയ മാനേജര്‍'; വീഡിയോ പ്രതികരണവുമായി യുവാവ്.


കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ വീണ്ടും ട്വിസ്റ്റ്.

തൊഴില്‍ പീഡനം എന്ന പരാതി അടിസ്ഥാനരഹിതമെന്ന് തൊഴില്‍ വകുപ്പിന്‍റെ കണ്ടെത്തല്‍. തൊഴിലിടത്തിലെ രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടായ പ്രശ്നത്തെ തൊഴില്‍ പീഡനം എന്ന് ചിത്രീകരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് തൊഴില്‍ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ഇന്ന് മന്ത്രിക്ക് തൊഴില്‍ വകുപ്പ് റിപ്പോർട്ട് സമർപ്പിക്കും

പരാതിക്ക് ആസ്പദമായ ദൃശ്യത്തിലെ ചെറുപ്പക്കാരുടെ മൊഴിയെടുത്ത ശേഷമാണ് തൊഴില്‍ പീഡനം നടന്നിട്ടില്ലെന്ന നിഗമനത്തിലേക്ക് തൊഴില്‍ വകുപ്പ് എത്തിയത്. ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്ന് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനും തൊഴില്‍ വകുപ്പിനും നേരത്തെ മൊഴി നല്‍കിയിരുന്നു. കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെ പോലെ ചെറുപ്പക്കാരെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനം ടാര്‍ജറ്റ് അച്ചീവ് ചെയ്യാത്ത ചെറുപ്പക്കാരെ ഇത്തരത്തില്‍ ശിക്ഷിക്കുന്നെന്ന ആരോപണമാണ് ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ സംഭവം നടന്നതെന്നും ഇതടക്കം ക്രൂരമായ ശിക്ഷകള്‍ സ്ഥാപനത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏതാനും മാസങ്ങള്‍ മുമ്ബു വരെ ഇവിടെ ജോലി ചെയ്തിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി അഖില്‍ ആരോപിക്കുകയും ചെയ്തു. കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് എന്ന സ്ഥാപനത്തിനും ഇവരുടെ പെരുമ്ബാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഡീലര്‍ഷിപ്പ് സ്ഥാപനമായ കെല്‍ട്രോകോപ്പിനുമെതിരെയാണ് ആരോപണമുയര്‍ന്നത്. ഇതോടെ തൊഴില്‍ വകുപ്പും പൊലീസും അന്വേഷണവും തുടങ്ങി. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സിന് സംഭവവുമായി ബന്ധമില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പിന്നീട് പെരുമ്ബാവൂരില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം തിരിഞ്ഞു മറിഞ്ഞത്.

Previous Post Next Post