അന്ത്യശുശ്രൂഷകളും ലളിതമായി; ഫ്രാന്‍സിസ് പാപ്പയുടെ വിടവാങ്ങല്‍ ചടങ്ങുകള്‍ ഇങ്ങനെ

വത്തിക്കാന്‍ സിറ്റി: മുന്‍ സഭാതലവന്‍മാരില്‍ നിന്ന് ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ മാര്‍പാപ്പയായിരുന്നു കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ. ലളിതമായ ജീവിതത്തിനും വിനയത്തിലൂടെയും ലോകശ്രദ്ധ പിടിച്ചുപ്പറ്റിയ മാര്‍പാപ്പയുടെ വിടവാങ്ങല്‍ ചടങ്ങുകളും മുന്‍ സഭാ അധ്യക്ഷന്‍മാരുടേതില്‍ നിന്നും ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരിക്കും. കഴിഞ്ഞ വര്‍ഷം മാര്‍പ്പാപ്പമാരുടെ ശവസംസ്‌കാര ശുശ്രൂഷകളില്‍ ഉള്‍പ്പെടെ ഫാന്‍സിസ് പാപ്പ ലളിതമാക്കിയിരുന്നു.

ആഗ്രഹത്തിനനുസരിച്ച് തന്നെ വത്തിക്കാനിന് പുറത്ത് തന്നെ സംസ്‌കരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നില്‍വെച്ചു. ഇതുസംബന്ധിച്ച പരിഷ്‌കാരങ്ങള്‍ 'റോമന്‍ പോണ്ടിഫുകള്‍ക്കുള്ള ശവസംസ്‌കാര ചടങ്ങ്' ('ഓര്‍ഡോ എക്‌സെക്വിയറം റൊമാനി പൊന്തിഫിസിസ്') എന്ന ചുവന്ന വാല്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോപ്പുമാര്‍ പലപ്പോഴും തങ്ങളുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലെ നിയമങ്ങളില്‍ മാറ്റം വരുത്താറുണ്ടെങ്കിലും 2000 മുതല്‍ മാര്‍പ്പാപ്പയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ ഒരു പരിഷ്‌കരണം നടത്തിയിട്ടില്ല.

സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ദീര്‍ഘമായ പൊതുദര്‍ശനം, നീണ്ട അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും വേണ്ടെന്നും നിര്‍ദേശത്തിലുണ്ട്. മുന്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നു നിര്‍ദേശം നേരത്തെ തന്നെ അദ്ദേഹം വച്ചിരുന്നു.

മാര്‍പാപ്പയുടെ ഭൗതികശരീരം സംസ്‌കരിക്കുന്ന ചടങ്ങുകള്‍

മാര്‍പാപ്പയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ സ്വകാര്യ ചാപ്പലിലേക്ക് മാറ്റും. അവിടെ വെള്ള കാസക്ക് ധരിപ്പിച്ച് സിങ്ക് പാളികളുള്ള മരപ്പേടകത്തില്‍ കിടത്തും. ആചാരപരമായ ബഹുമാനവും തുടര്‍ച്ചയും ഉറപ്പാക്കുന്ന നടപടിയാണിത്. അദ്ദേഹത്തിന്റെ മിത്‌റയും പാലിയവും മാറ്റിവയ്ക്കുമെന്നും ചുവന്ന തിരുവസ്ത്രങ്ങള്‍ അണിയിക്കുമെന്നും വത്തിക്കാന്‍ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു മാര്‍പാപ്പയുടെ ഭരണകാലം അവസാനിച്ചതിനെ അടയാളപ്പെടുത്തുന്ന പ്രതീകാത്മക ചടങ്ങില്‍, പോപ്പിന്റെ ഔദ്യോഗിക മുദ്രയായ 'ഫിഷര്‍മാന്‍സ് റിങ്' തകര്‍ക്കും. ചരിത്രപരമായി, കാമര്‍ലെംഗോ ഒരു പ്രത്യേക ചുറ്റിക ഉപയോഗിച്ച് മോതിരം തകര്‍ത്താണ് ഈ ചടങ്ങ് നിര്‍വഹിക്കുന്നത്. ഇത് മോതിരം ദുരുപയോഗം ചെയ്യുന്നത് തടയുകയും പാപ്പാ ഭരണകാലം അവസാനിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്യുന്നു.

മുന്‍കാല പാരമ്പര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, എംബാം ചെയ്ത ശരീരം ഉയര്‍ത്തിയ പീഠത്തിലോ കാറ്റാഫാള്‍ക്കിലോ സ്ഥാപിക്കില്ല, മറിച്ച് പേടകത്തില്‍ തന്നെ സൂക്ഷിക്കാനാണ് സാധ്യത. ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയെ ലാളിത്യത്തോടുള്ള മുന്‍ഗണനയും മരണാനന്തര ചടങ്ങുകള്‍ ആര്‍ഭാടരഹിതമാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും മാനിച്ചാണ്.

ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുപോകുന്ന ഔദ്യോഗിക വിലാപയാത്രയും പ്രതീക്ഷിക്കുന്നു. മൃതദേഹം ബസിലിക്കയിലേക്ക് കൊണ്ടുവരുമ്പോള്‍ വത്തിക്കാനിലെ അഡ്മിനിസ്‌ട്രേറ്റര്‍ കാമര്‍ലെംഗോയാണ് ഘോഷയാത്ര നയിച്ചിരുന്നത്. പോപ്പിന്റെ മൃതദേഹം ഒരു ഉയര്‍ന്ന മഞ്ചത്തിലാണ് വെച്ചിരുന്നത്. എന്നാല്‍ പകരം ലളിതമായ രീതിയില്‍ ശവപ്പെട്ടി പീഠങ്ങളില്‍ മെഴുകുതിരിക്ക് സനീപമായി വെച്ചാല്‍മതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നു.

ബസിലിക്കയില്‍ ആയിരക്കണക്കിന് വിശ്വാസികളും ഉദ്യോഗസ്ഥരും രാജ്യാന്തര നിരീക്ഷകരും അന്തിമോപചാരം അര്‍പ്പിക്കാനെത്തും. പരമ്പരാഗതമായി, മാര്‍പാപ്പയുടെ സംസ്‌കാരം മരണശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നടക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്യത്തില്‍, മരണശേഷം നാലോ ആറോ ദിവസത്തിനകം സംസ്‌കാരം നടക്കുമെന്നും തുടര്‍ന്ന് ഒന്‍പത് ദിവസം വരെ റോമിലെ വിവിധ പള്ളികളില്‍ അനുബന്ധ ചടങ്ങുകള്‍ നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

സംസ്‌കാര ചടങ്ങുകളിലെ ഒരു പ്രധാന ഘടകം അടക്കം ചെയ്യുന്ന രീതിയാണ്. ചരിത്രപരമായി, സൈപ്രസ്, സിങ്ക്, എല്‍മ് എന്നിവകൊണ്ടു നിര്‍മിച്ച മൂന്ന് പേടകങ്ങളിലായാണ് മാര്‍പാപ്പമാരെ അടക്കം ചെയ്തിരുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച്, ഫ്രാന്‍സിസ് മാര്‍പാപ്പയെ സിങ്ക് പാളികളുള്ള ഒരൊറ്റ മരപ്പേടകത്തിലാകും അടക്കം ചെയ്യുക. സംസ്‌കാര ചടങ്ങില്‍, പോപ്പിന്റെ മുഖത്ത് വെളുത്ത സില്‍ക്ക് തുണി വിരിച്ച ശേഷം പേടകം മുദ്രവെക്കുന്നത് പതിവാണ് ഇത് ജീവിതത്തില്‍ നിന്ന് നിത്യതയിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്ന പ്രതീകാത്മക ചടങ്ങാണ്.

കൂടാതെ, അദ്ദേഹത്തിന്റെ ഭരണകാലത്ത് അച്ചടിച്ച നാണയങ്ങളടങ്ങിയ ഒരു ബാഗും പോപ്പിന്റെ ജീവിതവും നേട്ടങ്ങളും വിവരിക്കുന്ന റൊജിറ്റോ എന്ന രേഖയും പേടകത്തിനുള്ളില്‍ സ്ഥാപിച്ചേക്കാം. പേടകം മുദ്രവെക്കുന്നതിന് മുമ്പ് റൊജിറ്റോ പരസ്യമായി വായിക്കുന്നതും പാരമ്പര്യത്തിന്റെ ഭാഗമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ സ്വകാര്യ പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി പതിവായി സന്ദര്‍ശിച്ചിരുന്ന ബസിലിക്ക ഓഫ് സെന്റ് മേരി മേജറിലാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അന്ത്യവിശ്രമം കൊള്ളുക.

Previous Post Next Post