നിയമനടപടിക്കില്ല, വിഷയം സിനിമയ്ക്കു പുറത്തു കൊണ്ടുപോവാന്‍ ഉദ്ദേശിക്കുന്നില്ല: വിന്‍സി

പത്തനംതിട്ട: സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്ന വെളിപ്പെടുത്തലില്‍ സിനിമ സംഘടനകളുടെ ഇടപെടല്‍ വേണമെന്ന് നടി വിന്‍സി അലോഷ്യസ്. നിയമ നടപടിക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച താരം താന്‍ ഉന്നയിച്ച വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പത്തനംതിട്ടയില്‍ പ്രതികരിച്ചു.

'താന്‍ ഉന്നയിച്ച വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണങ്ങളോട് സഹകരിക്കാന്‍ തയ്യാറാണ്. മന്ത്രി എംബി രാജേഷിനോടും ഇക്കാര്യമാണ് അറിയിച്ചത്. ഇപ്പോള്‍ വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. സിനിമ സംഘടനകളുടെ ഇടപെടലാണ് വിഷയത്തില്‍ പ്രതീക്ഷിക്കുന്നത്.  നിലവിൽ ‘അമ്മ’ ആഭ്യന്തര സമിതിക്കു നൽകിയ പരാതിയിൽ ഉറച്ചു നിൽക്കും എന്നും വിന്‍സി മാധ്യമങ്ങളോട് വ്യക്തമാക്കി.

വെളിപ്പെടുത്തലില്‍ സിനിമയിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മറ്റിക്ക് മുന്‍പില്‍ ഇന്ന് ഹാജരാവും. തന്റെ പരാതിയുടെ യാഥാര്‍ഥ്യം ഐസിസി പരിശോധിക്കും. വിഷയത്തില്‍ കമ്മിറ്റിയുടെ തീരുമാനം ഇന്ന് തന്നെ അറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്. സിനിമയില്‍ ഈ സംഭവം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ആവശ്യം. സിനിമ മേഖലയില്‍ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിന്‍സി പ്രതികരിച്ചു.

Previous Post Next Post