അണ്ണാമലൈ ഡല്‍ഹിയിലേക്ക്, കേന്ദ്ര മന്ത്രിയായേക്കും; തമിഴ്‌നാട്ടില്‍ പുതിയ പരീക്ഷണത്തിന് ബിജെപി

ബംഗളൂരു: തമിഴ്‌നാട്ടില്‍ ബിജെപിയുമായി കൈകോര്‍ത്ത് വീണ്ടും രാഷ്ടീയ കളം പിടിക്കാന്‍ എഐഎഡിഎംകെയും പളനിസാമിയും ശ്രമിക്കുമ്പോള്‍ അണ്ണാമലൈ വീണ്ടും ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദുവാകുന്നു. തമിഴ്‌നാട്ടിലെ സഖ്യത്തിന് അണ്ണാമലൈയെ മാറ്റി നിര്‍ത്തണം എന്നാണ് എഐഎഡിഎംകെ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. ഇക്കാര്യം ബിജെപി നേതൃത്വം അംഗീകരിക്കുന്ന നിലയുണ്ടായാല്‍ പോലും ഒരു തരംതാഴ്ത്തല്‍ അണ്ണാമലൈ നേരിട്ടേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ അണ്ണാമലൈ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളോട് ബിജെപി ദേശീയ നേതൃത്വത്തിന് വലിയ താത്പര്യമാണുള്ളത്. അതിനാല്‍ തന്നെ അണ്ണാമലൈയുടെ പരിശ്രമങ്ങൾക്കുള്ള അംഗീകാരം എന്ന നിലയിലുള്ള പരിഗണന അദ്ദേഹത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. എഐഎഡിഎംകെയെ തങ്ങളുടെ പാളയത്തിലെത്തിക്കുമ്പോള്‍ അണ്ണാമലൈയെ കേന്ദ്ര സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍. അടുത്തിടെയായി പുറത്തുവരുന്ന നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്.

ക്ഷിണേന്ത്യയില്‍ ബിജെപിക്ക് അണ്ണാമലൈയ്ക്ക് സമാനമായ പ്രതിച്ഛായയുള്ള മറ്റൊരു നേതാവില്ല. 2000 ഓഗസ്റ്റില്‍ മരിച്ച മുന്‍ കേന്ദ്രമന്ത്രി പി രംഗരാജന്‍ കുമാരമംഗലത്തിന് ശേഷം ബിജെപി തമിഴ്‌നാട്ടില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. രജനികാന്തിനെ മുന്‍നിര്‍ത്തി നടത്തിയ പരീക്ഷണങ്ങള്‍ തുടക്കത്തിലേ പാളുകയും ചെയ്തു. സമീപ കാലത്ത് പാര്‍ട്ടിക്ക് ലഭിച്ച മികച്ച നേതൃത്വമാണ് അണ്ണാമലൈ. അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ പോലും വലിയ സ്വാധീനം ഉണ്ടാക്കാന്‍ അണ്ണാമലൈക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതിനാല്‍ അണ്ണാമലൈക്ക് കേന്ദ്രമന്ത്രിയായി സ്ഥാനക്കയറ്റം നല്‍കുകയും എഐഎഡിഎംകെയുമായും ഡിഎംകെ വിരുദ്ധ ചെറു പാര്‍ട്ടികളുമായും ഇടപെടാന്‍ കഴിയുന്ന ഒരാള്‍ക്ക് പകരം പാര്‍ട്ടി ചുമതല നല്‍കാനാണ് സാധ്യത.

ബിജെപി - എഐഎഡിഎംകെ സഖ്യ ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം അണ്ണാമലൈയുടെ പ്രതികരണങ്ങളിലും സമവായ സൂചനകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞയാഴ്ച കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ട അണ്ണാമലൈ സംസ്ഥാനത്തെ ബിജെപിയുടെ ഭാവി തീരുമാനങ്ങളില്‍ അന്തിമ നിലപാട് അമിത് ഷാ പ്രഖ്യാപിക്കും എന്നായിരുന്നു പറഞ്ഞത്. ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കും. എന്റെ പേരില്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ഡല്‍ഹിയില്‍ നേതാക്കളെ അറിയിച്ചിരുന്നു.'' എന്നായിരുന്നു അണ്ണാമലൈയുടെ വാക്കുകള്‍. എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ നിലപാട് മയപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍.

തമിഴ്‌നാട്ടില്‍ ഒരു മടങ്ങിവരവിന് ബിജെപി സഖ്യം മാത്രമാണ് എഐഎഡിഎംകെക്ക് മുന്നിലുള്ളത് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച പാര്‍ട്ടി സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലമെച്ചപ്പെടുത്തുക എന്നതാണ് എഐഎഡിഎംകെയുടെ പ്രാഥമിക ലക്ഷ്യം.

Previous Post Next Post