ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ല, മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് കമ്മിഷണര്‍

കൊച്ചി: ലഹരി മരുന്നു കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ടോമിനെതിരെ പൊലീസ് ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് കമ്മിഷണര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

''ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മൊഴി എടുക്കുകയും ചെയ്തു. നടപടിക്രമത്തിന്റെ ഭാഗമായി ഷൈന്‍ ടോമിന് നോട്ടീസ് നല്‍കി വിട്ടയയ്ക്കുകയാണ് ചെയ്തത്''- കമ്മിഷണര്‍ പറഞ്ഞു.

എന്‍ഡിപിഎസ് ആക്ട് 27-ാം വകുപ്പ് (ലഹരി ഉപയോഗം), 29-ാം വകുപ്പ് (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമാണ് ഷൈനിന് എതിരെ കേസെടുത്തിട്ടുള്ളത്. ഇവ രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണെന്ന് കമ്മിഷണര്‍ അറിയിച്ചു.

പരിശോധനാ ഫലം കാത്ത് പൊലീസ്

ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നത് രാസപരിശോധനാ ഫലം ലഭിച്ച ശേഷമാവുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവിലെ മൊഴി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിച്ചതായി ഷൈന്‍ ടോം ചാക്കോ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിനു പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ഷൈനിന്റെ മുടി ഉള്‍പ്പെടെ രാസപരിശോധനയ്ക്കു വിധേയമാക്കും.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പൊലീസ് പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഷൈന്‍ സിനിമ സ്‌റ്റൈലില്‍ ചാടി ഓടി രക്ഷപ്പെട്ടത്.

Previous Post Next Post