പഹൽ​ഗാം ഭീകരാക്രമണം: രാഹുൽ​ഗാന്ധി ഇന്ന് കശ്മീരിൽ, പരിക്കേറ്റവരെ സന്ദർശിക്കും

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലെത്തും. അനന്തനാ​ഗിലെത്തുന്ന രാഹുൽ​ഗാന്ധി, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മെഡിക്കൽ കോളജിലെത്തി സന്ദർശിക്കും. ഭീകരാക്രമണം ഉണ്ടായ പഹൽ​ഗാമിലേക്ക് പോകാൻ രാഹുലിന് അനുമതി നൽകുമോയെന്നതിൽ വ്യക്തതയില്ല.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് നേരത്തേ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ​ഗാന്ധി ഇക്കാര്യം അറിയിച്ചത്.

ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. ഇന്ന് തുടങ്ങാനിരുന്ന ഭരണഘടനാ സംരക്ഷണ റാലി മാറ്റിവെച്ചിട്ടുണ്ട്. ഈ മാസം 27 ലേക്കാണ് റാലി മാറ്റിയത്. ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

Previous Post Next Post