ക്ഷേത്രത്തില്‍ ഗണഗീതം, കേസെടുത്ത് പൊലീസ്; ഗാനമേള സംഘം മുഖ്യപ്രതികള്‍

കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്‌എസ് ഗണഗീതം പാടിയ സംഭവത്തില്‍ കേസ്. കോട്ടുക്കല്‍ സ്വദേശി പ്രതിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആര്‍എസ്‌എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന എഫ്‌ഐആറില്‍ 'നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ്' എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ ഉത്സവ കമ്മിറ്റി എന്നിവരും പ്രതികളാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടുകളുടെ ഉള്ളടക്കം സംബന്ധിച്ച്‌ നിരവധി നിര്‍ദേശങ്ങള്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില ഉപദേശക സമിതികള്‍ അത്തരം സര്‍ക്കുലറുകള്‍ അവഗണിക്കുകയും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് സമൂഹത്തില്‍ ഭിന്നതയ്ക്ക് വഴിയൊരുക്കും. ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഞായറാഴ്ചയായിരുന്നു ക്ഷേത്രത്തില്‍ ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ആര്‍എസ്‌എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അതിലൊന്ന് അറിയില്ലെന്ന് ഗാനമേള ട്രൂപ്പുകാര്‍ മറുപടി നല്‍കിയിരുന്നു.

അതിനിടെ, ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപം ആര്‍എസ്‌എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.
Previous Post Next Post