ഏറ്റുമാനൂരിൽ വീണ്ടും ആമ്പ്യൂൾ കച്ചവടം; 230 കുപ്പി ആമ്പ്യൂളുമായി പേരൂർ സ്വദേശിയായ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്ഐയ്ക്ക് പരിക്ക്

 

പേരൂർ: ആംപ്യൂൾ കച്ചവടം നടത്തിവന്ന ഏറ്റുമാനൂർ, പേരൂർ സ്വദേശി പൊലീസ് പിടിയിൽ. പേരൂർ കണ്ടൻചിറയിൽ താമസിക്കുന്ന സന്തോഷ് മോഹനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്നും കച്ചവടത്തിനായി കാറിൽ സൂക്ഷിച്ചിരുന്ന 230 കുപ്പി  ആംപ്യൂളുകൾ പൊലീസ് പിടിച്ചെടുത്തു. വിഷുവിന് തലേദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് സന്തോഷ് പിടിയിലായത്. 


മൂന്ന് മാസം മുമ്പ് 250 കുപ്പി ആംപ്യൂളുമായി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീണ്ടും ഏറ്റുമാനൂർ പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സന്തോഷിനെ പൊലീസ് പിന്തുടർന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷിന്റെ കാറിന്റെ താക്കോൽ ഊരാൻ ശ്രമിച്ച ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ അ​ഖിൽ ദേവിന്റെ കൈക്ക് പരിക്കേറ്റു. ഈ സമയം കാറിൽ സന്തോഷിന്റെ ഭാര്യയുമുണ്ടായിരുന്നു. 30 മില്ലിയുടെ 230 ഓളം ആംപ്യൂളുകളാണ് കാറിൽ നിന്നും കണ്ടെത്തിയത്. 


പൊലീസിനെ ആക്രമിച്ച കേസിൽ സന്തോഷിനെ റിമാൻഡ് ചെയ്തു. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയൽ എടുത്തു,. ആംപ്യൂളുകൾ പ്രധാനമായി പ്രഷർ കൂട്ടുന്നതിനാണ് ഉപയോ​ഗിക്കുന്നത്. വടംവലിക്കാരും ജിമ്മിൽ പോകുന്നവരും ഇത് ഉപയോ​ഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് ലഭിക്കില്ല എന്നതിനാൽ അന്യസംസ്ഥാനത്ത് നിന്നും ഓൺലൈനായാണ് ആംപ്യൂളുകൾ വാങ്ങിയതെന്ന് സന്തോഷ് പൊലീസിനോട് പറഞ്ഞു.

Previous Post Next Post