ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ മോഷണം പോയി. വിഗ്രഹത്തില്‍ വിശേഷ ദിവസങ്ങളില്‍ ചാർത്തുന്ന കിരീടം, രണ്ട് നെക്ലസുകള്‍, മാല എന്നിവയുള്‍പ്പെടെ 20 പവൻ വരുന്ന സ്വർണാഭരണങ്ങളാണ് വിഷുദിനത്തില്‍ കവർന്നത്.
ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി ഒ ടി രാമചന്ദ്രനെ കാണാനില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ അരൂർ പൊലീസില്‍ പരാതി നല്‍കി.
വിഷു ദിവസം രാവിലെ തിരുവാഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാർത്തി കണിയൊരുക്കി. എന്നാല്‍ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ആഭരണങ്ങള്‍ ദേവസ്വം അധികൃതർക്ക് തിരികെ ലഭിക്കാത്തത് അന്വേഷിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ കീഴ്ശാന്തിയെ പിന്നീട് കാണാതാവുകയുമായിരുന്നെന്നും പരാതിയില്‍ പറയുന്നു.
നാലുമാസം മുമ്ബാണ് രാമചന്ദ്രൻ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി പ്രവേശിച്ചത്. ഇയാളെ സംബന്ധിച്ചുളള ആധികാരികമായ ഒരു രേഖയും ക്ഷേത്രത്തിലിലില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സി ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം.