ക്രിക്കറ്റ് ലോകം ഞെട്ടിയ ഇന്നിങ്സ്, 14-കാരൻ മൂന്നക്കം തൊട്ടപ്പോള്‍ പിറന്നത് സമാനതകളില്ലാത്ത ചരിത്രം

14-ാം വയസ്സില്‍ നിങ്ങളെന്തുചെയ്യുകയായിരുന്നു? നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തികടത്തി ഇന്ത്യയുടെ വണ്ടർകിഡ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചതിന് പിന്നാലെ മുൻ ബംഗാള്‍ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി എക്സില്‍ കുറിച്ചതിങ്ങനെയാണ്.
വൈഭവ് സൂര്യവംശി 14-ാം വയസ്സില്‍ ഐപിഎല്ലില്‍ ചരിത്രം കുറിക്കുകയായിരുന്നു. അതിവേഗ സെഞ്ചുറിയോടെ നാളിതുവരെ ഒരു ഇന്ത്യക്കാരനും സ്വന്തമാക്കാത്ത നേട്ടങ്ങള്‍ പലതും വൈഭവ് സ്വന്തം പേരിലാക്കി. വെടിക്കെട്ടോടെ ഐപിഎല്‍ അരങ്ങേറ്റം ഉജ്വലമാക്കിയ വൈഭവ് വിസ്മയിപ്പിക്കുകയാണ്. ക്രിക്കറ്റിലെ സൂപ്പർ താരങ്ങള്‍ വാഴുന്ന ഐപിഎല്ലില്‍ ഒരു 14 കാരന് എന്ത് ചെയ്യാനാകുമെന്ന ചോദിച്ചവർക്കെല്ലാം ഈ ഒരൊറ്റ ഇന്നിങ്സുകൊണ്ട് വൈഭവ് മറുപടി നല്‍കി. ഗുജറാത്തിനെതിരേ 35 പന്തില്‍ സെഞ്ചുറിനേടിയ ഇന്നിങ്സിന് സമാനതകളില്ല.

രാജസ്ഥാനെതിരേ 210 റണ്‍സ് വിജയലക്ഷ്യമുയർത്തി മടങ്ങുമ്ബോള്‍ ഇങ്ങനെയൊരു തിരിച്ചടി ബട്ലറും ഗില്ലും സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാകില്ല. ഗുജറാത്ത് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച 14-കാരന്റെ വിളയാട്ടം. ഗുജറാത്തിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ച വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയശില്‍പ്പി. അതിവേഗ സെഞ്ചുറിയുമായി വൈഭവ് കത്തിക്കയറുന്ന കാഴ്ചയാണ് ജയ്പുരില്‍ കണ്ടത്. 17 പന്തില്‍ അർധസെഞ്ചുറി തികച്ച താരം 35 പന്തില്‍ സെഞ്ചുറിയും നേടി. ഒരുപിടി റെക്കോഡുകളും താരം സ്വന്തം പേരിലാക്കി. ടി20 യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎല്‍ സെഞ്ചുറി അങ്ങനെ റെക്കോഡുകള്‍ വൈഭവ് തിരുത്തിയെഴുതി.
ഇന്നിങ്സിന്റെ തുടക്കം മുതല്‍ തന്നെ വൈഭവ് സൂര്യവംശി തകർത്തടിച്ചു. നേരിട്ട രണ്ടാം പന്ത് തന്നെ സിറാജിനെ അതിർത്തി കടത്തിയ തുടക്കം. പിന്നീട് ഗുജറാത്ത് ബൗളർമാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. മൂന്നാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സായിരുന്നു രാജസ്ഥാന്റെ സ്കോർ. എന്നാല്‍ നാലാം ഓവറില്‍ 14-കാരന്റെ വെടിക്കെട്ട് പൂരത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇഷാന്ത് ശർമ എറിഞ്ഞ നാലാം ഓവറില്‍ ഇഷാന്തിനെ പലകുറി അതിർത്തികടത്തിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. മൂന്ന് സിക്സറുകളും രണ്ട് ഫോറുകളും അടക്കം രാജസ്ഥാൻ ആ ഓവറില്‍ നേടിയത് 28 റണ്‍സ്. അടുത്ത ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെയും അടിച്ചുതകർത്തതോടെ 17 പന്തില്‍ നിന്ന് വൈഭവ് അർധസെഞ്ചുറി തികച്ചു. സീസണിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയും താരം സ്വന്തമാക്കി. അതോടെ രാജസ്ഥാൻ ആറോവറില്‍ 87 ലെത്തി.

അർധസെഞ്ചുറി തികച്ചതിന് ശേഷവും വൈഭവ് വെടിക്കെട്ട് തുടരുന്നതാണ് മൈതാനത്ത് കണ്ടത്. ഒരു വശത്ത് യശസ്വി ജയ്സ്വാളിനെ നിർത്തിക്കൊണ്ട് വൈഭവ് സൂര്യവംശി ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു. പ്രസിദ്ധും റാഷിദ് ഖാനും കരിം ജാനത്തുമൊക്കെ വൈഭവിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. പിന്നാലെ 35 പന്തില്‍ സെഞ്ചുറി. വൈഭവ് സൂര്യവംശി കത്തിക്കയറിയപ്പോള്‍ ഗുജറാത്തിന്റെ പ്രതീക്ഷകളെല്ലാം തരിപ്പണമായി. 101 റണ്‍സെടുത്ത് മടങ്ങുമ്ബോള്‍ ഒരുപിടി റെക്കോഡുകളും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

2011-ല്‍ ജനിച്ച വൈഭവ്, 2008-ല്‍ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച്‌ ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. 2019-ല്‍ 16 വർഷവും 157 ദിവസവും പ്രായമുള്ളപ്പോള്‍ ആർസിബിക്കായി അരങ്ങേറ്റം കുറിച്ച പ്രയാസ് റായ് ബർമന്റെ പേരിലായിരുന്നു ഇതിനു മുമ്ബ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്റെ റെക്കോഡ്.

അണ്ടർ-19 ടെസ്റ്റ് മാച്ചില്‍ ഓസ്ട്രേലിയക്കെതിരേ നടത്തിയ പ്രകടനമാണ് വൈഭവിന്റെ കരിയറില്‍ വഴിത്തിരിവായത്. ഓസീസിനെതിരേ 58 പന്തില്‍ സെഞ്ചുറി നേടിയതോടെ സൂര്യവംശിയെ രാജസ്ഥാൻ മാനേജ്മെന്റ് നോട്ടമിട്ടിരുന്നുവെന്ന് അടുത്തിടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍ വ്യക്തമാക്കിയിരുന്നു. 'ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരായ സൂര്യവംശിയുടെ ബാറ്റിങ് രാജസ്ഥാൻ ടീമിന്റെ തീരുമാനങ്ങളെടുക്കുന്ന മാനേജ്മെന്റിലെ പ്രധാനപ്പെട്ട ആളുകളെല്ലാം കണ്ടിരുന്നു. അന്ന് അവൻ കളിച്ച ഷോട്ടുകള്‍ ശ്രദ്ധിച്ചിരുന്നു. ഇത്തരം ആളുകളെ ഒപ്പം നിർത്തി അവർ ഏത് രീതിയില്‍ മുന്നോട്ട് പോകുമെന്ന് കാണണമെന്ന് ഞങ്ങള്‍ക്ക് തോന്നി', എ.ബി. ഡിവില്ലിയേഴ്സ് അവതരിപ്പിക്കുന്ന 360 ഷോയോട് സംസാരിക്കവെ സഞ്ജു അന്ന് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ എ ടീമിനുവേണ്ടി 62 പന്തില്‍ നിന്ന് 104 റണ്‍സെടുത്താണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് പതിമൂന്ന് വർഷവും 188 ദിവസവുമായിരുന്നു വൈഭവിന് പ്രായം. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായി അന്ന് വൈഭവ്. യൂത്ത് ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയായിരുന്നു അന്ന് വൈഭവ് നേടിയത്.

ബിഹാർ സമസ്തിപുർ സ്വദേശിയായ വൈഭവ് 2024 ജനുവരി അഞ്ചിനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പട്നയില്‍ മുംബൈക്കെതിരെ ഇറങ്ങുമ്ബോള്‍ പന്ത്രണ്ട് വയസ്സും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. ഇതോടെ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി വൈഭവ് മാറി. യുവരാജ് സിങ്ങിനും സച്ചിൻ തെണ്ടുല്‍ക്കർക്കും മുൻപേ രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കാൻ വൈഭവിനായി. ഇരുവരും പതിനഞ്ച് വയസ്സിനുശേഷമാണ് രഞ്ജി കളിച്ചത്. അലിമുദ്ദീൻ, (12 വർഷവും 73 ദിവസവും) എസ്.കെ.ബോസ് (12 വർഷവും 76 ദിവസവും) മുഹമ്മദ് റംസാൻ (12 വർഷവും 247 ദിവസവും) ആണ് വൈഭവിനേക്കാള്‍ ചെറിയ പ്രായത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചവർ.

കഴിഞ്ഞ വർഷം നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കരാർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു.
Previous Post Next Post