എമർജൻസി കോൾ നമ്പരായ 112 ൽ വിളിച്ച് പോലീസിനെ വട്ടം ചുറ്റിച്ച യുവാവിനെ കായംകുളം പോലീസ് പിടികൂടി.
അമ്പലപ്പുഴ കരുമാടി പുത്തൻചിറയിൽ ധനീഷ് (33) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 23-ാം തീയതി രാത്രി 12 മണിയോടെയായിരുന്നു സംഭവം.
ഓച്ചിറ ലാംസി സൂപ്പർ മാർക്കറ്റിന് എതിർവശമുള്ള ലോഡ്ജിൽ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്ന് ധനീഷ്, 112 ൽ വിളിച്ച് പറയുകയായിരുന്നു.
വിവരം കായംകുളം കൺട്രോൾ റൂം വാഹനത്തിന് കൈമാറി.
പോലീസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ ലോഡ്ജിന്റെ ഷട്ടർ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ലോഡ്ജിന്റ ചുമതലക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് ഉദ്യോഗസ്ഥർ യുവാവിനെ ഫോണിൽ വിളിച്ചപ്പോൾ റൂമിൽ തന്നെയുണ്ടെന്നാണ് മറുപടി പറഞ്ഞത്.
പിന്നീട് ഫയർഫോഴ്സിൻ്റെ സഹായം തേടി.
സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം പൂട്ട് അറുത്ത് മാറ്റി അകത്തു കടന്ന് റൂമുകൾ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
വീണ്ടും 112 ൽ ഫോൺവിളി എത്തിയതിനെ തുടർന്ന് അന്വേഷണം നടത്തിയ കായംകുളം എസ് ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മറ്റൊരു ലോഡ്ജിൽ നിന്നും ധനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ധനീഷിനെതിരെ കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.