ചാലക്കുടിയെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെയ്ക്കും; നിരീക്ഷണത്തിന് 100 കാമറകള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ സജ്ജം

തൃശൂര്‍: കഴിഞ്ഞ കുറെ ദിവസങ്ങളായി ചാലക്കുടിയെ വിറപ്പിക്കുന്ന പുലിയെ മയക്കുവെടി വെക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.

ആദ്യം പുലിയുടെ സാന്നിധ്യം എവിടെയാണെന്നുള്ളത് നിരീക്ഷിച്ച് കണ്ടെത്താന്‍ ശ്രമം. ഇതുവരെ 69 കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 100 കാമറകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ സജ്ജമാണ്. തിരച്ചിലിനുള്ള പ്രത്യേക സംഘം വിപുലീകരിക്കും. പുലി ഉണ്ട് എന്നുള്ളത് തന്നെയാണ് ഇതുവരെയുള്ള നിരീക്ഷണത്തിലും പരിശോധനയിലും വ്യക്തമായത്. കൂടുതല്‍ നിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരിശോധന കൂടുതല്‍ വ്യാപകമാക്കും. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

പുലിയെ കണ്ടെത്തി കഴിഞ്ഞാല്‍ അതിനെ മയക്കുവെടിവെയ്ക്കാന്‍ തീരുമാനിച്ചതായി തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യത്തിനായി മൂന്ന് ഡോക്ടര്‍മാര്‍ സജ്ജമാണ്. എപ്പോഴാണ് തിരച്ചിലിലൂടെ പുലിയെ കണ്ടെത്തുന്നത് അപ്പോള്‍ തന്നെ മയക്കുവെടിവെയ്ക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

Previous Post Next Post