'സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍; അമ്മായി അമ്മ മരുമകളെ നിലയ്ക്ക് നിര്‍ത്തണം'; അധിക്ഷേപവുമായി ബിജെപി നേതാവ്

കൊച്ചി: എംപുരന്‍ സിനിമയുടെ സംവിധായകനും നടനുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. സുപ്രിയ അര്‍ബന്‍ നക്‌സലാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആദ്യം മരുമകളായ ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താന്‍ പടിക്കണമെന്നാണ് അമ്മായി അമ്മയായ മല്ലിക സുകുമാരനോട് പറയാനുള്ളതെന്ന് അങ്കമാലിയിലെ ആശാവര്‍ക്കര്‍മാരുടെ സമരപരിപാടിയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

'ഒരു വിഭാഗത്തെ മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോള്‍ ഇപ്പോ ഉണ്ടായ അവസ്ഥയെന്താ?. മോഹന്‍ലാലിന് ഖേദപ്രകടനം നടത്തേണ്ടി വന്നില്ലേ?. മല്ലിക സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് മേജര്‍ രവി ഒന്നാലോചിക്കണം, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോ എന്നാണ്. മേജര്‍ രവി മനസിലാക്കണം എല്ലാ കാര്യങ്ങളും മോഹന്‍ലാലിനോട് പറഞ്ഞിട്ടാണ് മകന്‍ ചെയ്തത് എന്നാണ്. അതിനര്‍ഥം മോഹന്‍ലാലിനെ പരോക്ഷമായി എതിര്‍ക്കുക, മേജര്‍ രവിയെ പ്രത്യക്ഷമായി എതിര്‍ക്കുകയെന്നാതാണ്'.

മല്ലികയോട് ബിജെപിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അവള്‍ അര്‍ബന്‍ നക്‌സലാ. അവര്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടപോസ്റ്റില്‍ പറഞ്ഞത് തരത്തില്‍ കളിക്കെടാ, എന്റെ ഭര്‍ത്താവിനോട് വേണ്ട. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായി അമ്മ ശ്രമിക്കേണ്ടത്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായാല്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നുപറയുമ്പോള്‍ പിണറായിക്കും ബിനോയ് വിശ്വത്തിനും ശിവന്‍കുട്ടിക്കും വിഷമം. എടോ നിങ്ങള്‍ ഈ വിഷമം കാണണ്ട; ആശാ വര്‍ക്കമാരുടെ വിഷമം കാണു' - ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Previous Post Next Post