മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമന്റ് പൂരം

എംപുരാന്‍ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടയില്‍ ഈദ് ആശംസ നേര്‍ന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രത്തിലെ ചില രംഗങ്ങളില്‍ മോഹന്‍ലാല്‍ ഖേദ പ്രകടനം നടത്തിയപ്പോള്‍ സംവിധായകന്‍ പൃഥ്വിരാജടക്കം അതിനെ അനുകൂലിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ മുരളി ഗോപി പോസ്റ്റ് പങ്കുവെക്കുകയോ പ്രതികരണം നടത്തുകയോ ചെയ്തിരുന്നില്ല. ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മുരളി ഗോപിക്ക് എതിര്‍പ്പുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മാപ്പ് പറയാന്‍ തയാറാവാത്ത നിലപാടിനെ അഭിനന്ദിച്ചുള്ള അഭിനന്ദന പ്രവാഹങ്ങളാണ് ഇപ്പോള്‍ ഈദ് ആശംസകള്‍ നേര്‍ന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചങ്കൂറ്റം പണയം വെക്കാത്തവന്‍', 'മാപ്പ് ജയന്‍ പറയില്ല', 'ഈദ് മുബാറക് പണയം വെക്കാത്ത നിലപാടിന്', 'വെറുപ്പിന്റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതയ്ക്ക് നന്ദി', 'നട്ടെല്ല് വളച്ചു ജീവിക്കുന്നതിലും നല്ലത് പോരാടി മരിക്കുന്നതാണ്', ആണൊരുത്തന്‍ ഈദ് ആശംസകള്‍ നേരുന്നു. 'നിന്റെ തന്തയല്ല എന്റെ തന്ത എന്ന വരികള്‍ക്ക് ജീവനുണ്ട്'... തുടങ്ങി പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

സിനിമ വിവാദമായതിനേക്കുറിച്ചോ മോഹന്‍ലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പങ്കുവെയ്ക്കുന്നതിനേക്കുറിച്ചോ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളിഗോപി. തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. റിലീസ് ദിവസമാണ് മുരളിഗോപിയും പൂര്‍ണരൂപത്തില്‍ സിനിമ കണ്ടതെന്നും അഭ്യൂഹങ്ങളുണ്ട്.

Previous Post Next Post