ഏറ്റുമാനൂർ : അഘോരമൂർത്തിയും അഭീഷ്ടവരദായകനും സർവ്വകലകളുടെയും നാഥനുമായ ഏറ്റുമാനൂരപ്പന്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. തന്ത്രിമുഖ്യൻ താഴ്മൺ മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ബ്രഹ്മശ്രീ കണ്ഠര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിൽ വ്യാഴാഴ്ച ഉത്സവം കൊടിയേറി.
ഉത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് (ശനിയാഴ്ച) രാവിലെ 7ന് ശ്രീബലി നടന്നു. തൃശ്ശൂർ പൂരം ഇലഞ്ഞിത്തറമേളം പ്രമാണി കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം വിസ്മയമായി. 101ൽപ്പരം കലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളം കൗതുകമായി. ഇന്ന് ഏറ്റുമാനൂരപ്പന്റെ ശിരസ്സിലേറ്റിയത് പാറന്നൂർ നന്ദനാണ്. ഉച്ചയ്ക്ക് 1ന് ഉത്സവബലി ദർശനം നടക്കും. കലാപരിപാടികളിൽ ഇന്ന് പ്രധാനമായ ചടങ്ങ് വൈകീട്ട് 5നുള്ള പരയ്ക്കാട് തങ്കപ്പൻ മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യമാണ്. രാത്രി 10ന് മേജർസെറ്റ് കഥകളിയിൽ നളചരിതം രണ്ടാം ദിവസവും ബാലി വിജയവും കഥയായി ആടുന്നു.