ഏറ്റുമാനൂരമ്പലത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ഇന്ന്. ക്ഷേത്രത്തിനുള്ളിലെ ആസ്ഥാന മണ്ഡപത്തിൽ ഇന്ന് രാത്രി 12നാണ് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. തന്ത്രി കണ്ഠര് രാജീവര്, തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക പൂജകൾക്കു ശേഷമാണ് ക്ഷേത്രാങ്കണത്തിലെ ആസ്ഥാനമണ്ഡപം തുറക്കുന്നത്. ഇതിനു മുന്നോടിയായി ശ്രീകോവിലിൽ നിന്ന് ഏറ്റുമാനൂരപ്പനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് നാളെ പുലർച്ചെ രണ്ടിന് ഏഴരപ്പൊന്നാനകളെ പുറത്തേക്ക് എഴുന്നള്ളിക്കും. ആറാട്ട് ദിവസമായ എട്ടു വരെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാനകളെ ദർശിക്കാം.
ഏഴു വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വർണത്തിൽ നിർമിച്ച പൂർണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്ന് അറിയപ്പെടുന്നത്. പ്ലാവിൻ തടയിൽ നിർമിച്ച ആനകളെ സ്വർണപ്പാളികൾകൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ഏഴരപ്പൊന്നാന ദർശനത്തിലൂടെ സർവൈശ്വര്യസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. ഏഴരപ്പൊന്നാനയുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങൾ ഏറെയുണ്ട്.
അഷ്ടദിക്ക് ഗജങ്ങൾ
ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഒരു ഐതീഹ്യം. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രീദകം, സാർവഭൗമൻ, വാമനൻ എന്നിവയാണ് അഷ്ടദിക്ക് ഗജങ്ങൾ. വാമനൻ ചെറുതായതിനാലാണ് അരപ്പൊന്നാന ഉണ്ടായതെന്നും ഐതീഹ്യമുണ്ട്.
മാർത്താണ്ഡവർമയുടെ പ്രായശ്ചിത്തം
തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണ് ഏഴരപ്പൊന്നാന എന്നാണ് മറ്റൊരു ഐതീഹ്യം. വടക്കുംകൂർ രാജ്യം പിടിച്ചെടുക്കാനായി തിരുവിതാംകൂർ സൈന്യം ഏറ്റുമാനൂരിലെ മാതവിപ്പിള്ള നിലയത്തിൽ പ്രവേശിച്ച് അവിടുത്തെ പുരയിടങ്ങളിലെ ഫലഭൂയിഷ്ഠമായ മരങ്ങളും മാതവിപ്പിള്ള മഠവും നശിപ്പിച്ചു. ഇതോടെ തിരുവിതാംകൂർ രാജാവിന് ഏറ്റുമാനൂർ മഹാദേവനിൽനിന്ന് അനിഷ്ടമുണ്ടായി. പലവിധത്തിനുള്ള അനർഥങ്ങൾ സംഭവിച്ചതോടെ പരിഹാരമെന്നോണം മാർത്താണ്ഡവർമ പ്രായശ്ചിത്തമായി ഏഴരപ്പൊന്നാനയെ നടയ്ക്കുവെച്ചുവത്രേ.
വൈക്കത്തപ്പന് വേണ്ടി എത്തിച്ച ഏഴരപ്പൊന്നാന
തിരുവിതാംകൂർ രാജാവായിരുന്ന ധർമരാജാ കാർത്തിക തിരുനാൾ രാമവർമ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണ് ഏഴരപ്പൊന്നാന എന്നും ഐതീഹ്യമുണ്ട്. ഏഴരപ്പൊന്നാനകളെ കൊണ്ടുപോയവർ യാത്രക്കിടെ ഏറ്റുമാനൂരിൽ വിശ്രമിച്ചു കുളിയും ഭക്ഷണമൊക്കെ കഴിഞ്ഞു വന്നപ്പോൾ പൊന്നാനകളുടെ മുകളിൽ പത്തിവിരിച്ചു നിൽക്കന്ന സർപ്പങ്ങളെ കണ്ടുവത്രേ. ദൈവഹിതം അറിയാനായി പ്രശ്നം വെച്ചപ്പോൾ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരപ്പന് സമർപ്പിക്കണമെന്ന് കണ്ടു. ഇതോടെ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചുവത്രേ.