തെലങ്കാന ടണല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ നായകളും

തിരുവനന്തപുരം : തെലങ്കാന ടണല്‍ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനായി കേരള പൊലീസിന്റെ കഡാവര്‍ നായകളും രക്ഷാദൗത്യത്തില്‍ പങ്കാളികളാകും. സംസ്ഥാന പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.

കാണാതായ മനുഷ്യരെയും മനുഷ്യശരീരങ്ങളെയും കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച കഡാവര്‍ നായ്ക്കളും അവയെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും ഹൈദരാബാദിലേക്ക് പുറപ്പെട്ടതായി കേരള സര്‍ക്കാര്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തില്‍ സഹായത്തിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഡാവര്‍ നായ്ക്കളെ തിരച്ചിലിനായി അയക്കാന്‍ തീരുമാനിച്ചത്.

തെലങ്കാനയിലെ ശ്രീശൈലം ബാങ്ക് കനാല്‍ (എസ്എല്‍ബിസി) പദ്ധതിയുടെ നിര്‍മ്മാണത്തിനിടെയാണ് ടണല്‍ തകര്‍ന്ന് എഞ്ചിനീയര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ എട്ട് പേര്‍ കുടുങ്ങിപ്പോയത്. ഫെബ്രുവരി 22 നായിരുന്നു സംഭവം.

തകര്‍ന്ന ടണലില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ എന്‍ഡിആര്‍എഫ്, ഇന്ത്യന്‍ കരസേന, നാവികസേന, മറ്റ് രക്ഷാ ഏജന്‍സികള്‍ എന്നിവയിലെ വിദഗ്ധര്‍ അശ്രാന്ത പരിശ്രമം നടത്തിവരികയാണ്.

Previous Post Next Post