ഏറ്റുമാനൂർ : അഘോരമൂർത്തിയും അഭീഷ്ടവരദായകനും സർവ്വകലകളുടെയും നാഥനുമായ ഏറ്റുമാനൂരപ്പന്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. തന്ത്രിമുഖ്യൻ താഴ്മൺ മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ബ്രഹ്മശ്രീ കണ്ഠര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിൽ വ്യാഴാഴ്ച ഉത്സവം കൊടിയേറി.
ഉത്സവത്തിന്റെ ഏഴാം ദിനമായ ഇന്ന് (ബുധൻ) രാവിലെ 7ന് ശ്രീബലി നടന്നു. പത്മശ്രീ പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം ഇന്നത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പഞ്ചാരിമേളത്തിൽ 101ൽപ്പരം കലാകാരന്മാർ പങ്കെടുക്കും. വൈകീട്ട് 5ന് കാഴ്ചശ്രീബലി. തുടർന്ന് ചോറ്റാനിക്കര വിജയൻ മാരാരും സംഘവും ചേർന്നവതരിപ്പിക്കുന്ന മേജർസെറ്റ് സ്പെഷ്യൽ പഞ്ചവാദ്യം. കലാപരിപാടികളിൽ ഇന്ന് പ്രധാനമായ ചടങ്ങ് വൈകീട്ട് 9.30നുള്ള സെമിക്ലാസ്സിക്കൽ ഡിവോഷണൽ ഡാൻസായ ആനന്ദനടനമാണ്. രാത്രി 10ന് തായമ്പക ചക്രവർത്തിമാരായ ശ്രീപോരൂർ ഉണ്ണികൃഷ്ണൻമാരാരും ശ്രീകലാനിലയം ഉദയൻ നമ്പൂതിരിയും ശ്രീ ചിറയ്ക്കൽ നിധീഷ് മാരാരും ഒന്നിക്കുന്ന ട്രിപ്പിൾ തായമ്പക.

