കൊല്ലം: സഹകരണ സംഘങ്ങളില്‍ നിന്ന് വലിയ വായ്പകള്‍ എടുക്കുമ്പോള്‍ നേതാക്കള്‍ മേല്‍ക്കമ്മിറ്റികളില്‍നിന്ന് അനുമതി വാങ്ങണമെന്ന് സിപിഎം. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വായ്പകള്‍ തിരിച്ചടയ്ക്കുന്നതിലെ വീഴ്ചയാണ് സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലേക്കു തള്ളി വിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരുപാടു നേതാക്കളും പാര്‍ട്ടി അംഗങ്ങളും സഹകരണ സംഘങ്ങളില്‍നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയുണ്ട്. കോടികളാണ് ബാങ്കുകള്‍ക്കു കിട്ടാനുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ നല്‍കിയിട്ടും ആരും തിരിച്ചടച്ചിട്ടില്ല- സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സംഘടനാ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ തുടര്‍ച്ചയായി വിവാദമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇപി ജയരാജനെ നീക്കം ചെയ്തതാണെന്നാണ് സംഘടനാ രേഖ വ്യക്തമാക്കുന്നത്. ജയരാജന്‍ സ്വയം ഒഴിഞ്ഞതാണെന്ന വ്യാഖ്യാനങ്ങളെ പാടേ നിരാകരിക്കുന്നതാണ്, സംഘടനാ റിപ്പോര്‍ട്ടില്‍ ഒറ്റ വരിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പരാമര്‍ശം.