'ദുരന്തമുഖത്ത് രാഷ്ട്രീയമില്ല, ലഡാക്കിലേയും കേരളത്തിലേയും ജനങ്ങള്‍ ഇന്ത്യാക്കാര്‍'; വയനാട് പുനരധിവാസത്തിന് 530 കോടി നല്‍കിയെന്ന് അമിത് ഷാ

വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ സമയത്ത് കേന്ദ്രം ആവശ്യമായ സഹായം നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ദേശീയ ദുരന്ത നിവാരണ നിധിയില്‍ ( എന്‍ഡിആര്‍എഫ്) നിന്ന് കേരളത്തിന് 215 കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രിതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 153 കോടി രൂപ കൂടി നല്‍കിയെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

2219 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 530 കോടി രൂപ നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു. തുടര്‍ സഹായം മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നല്‍കും. ദുരന്തമുഖത്ത് കേന്ദ്രത്തിന് രാഷ്ട്രീയമില്ല. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യാക്കാര്‍ തന്നെയാണ്. ഇതാണ് കേന്ദ്രത്തിന്റെ നിലപാട്. അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ദുരന്ത നിവാരണ ഭേദഗതി ബില്ലിന്റെ മറുപടിയിലാണ് അമിത് ഷാ, ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കിയ കണക്കുകള്‍ പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാര്‍ വയനാട് ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായ വിവേചനം കാണിക്കുന്നുവെന്നും എംപിമാര്‍ ആരോപിച്ചിരുന്നു.
Previous Post Next Post