പത്താംക്ലാസുകാരിക്കുനേരെ നായ്ക്കുരുണയെറിഞ്ഞ സംഭവം; 5 വിദ്യാര്‍ഥിനികള്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരേയും കേസ്.


എറണാകുളം കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്കൂളിലെ പത്താംക്ലാസുകാരിക്കുനേരെ നായ്ക്കുരുണയെറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ജുവനൈല്‍ നിയമപ്രകാരം സഹപാഠികളായ 5 വിദ്യാര്‍ഥിനികള്‍ക്കെതിരെയും ബിഎന്‍എസ് നിയമ പ്രകാരം സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് കേസ്. എസ്‌എസ്‌എല്‍സി പരീക്ഷ പൂര്‍ത്തിയാല്‍ ഉടന്‍ തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

ക്ലാസിലെ പിൻബഞ്ചിലിരിക്കുന്ന പെണ്‍കുട്ടിയാണ് നായ്ക്കുരണ പൊട്ടിച്ച്‌ ക്ലാസ് മുറിയില്‍ വിതറിയത്. അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതിനിടെ പരീക്ഷ കഴിഞ്ഞ് ബെഞ്ചില്‍ വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തും നായ്ക്കുരുണ പൊടിയെത്തി. ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങി. തുടർന്ന് കുട്ടികള്‍ പെണ്‍കുട്ടിയോട് പോയി കുളിക്കാൻ പറഞ്ഞു. ചൊറിച്ചില്‍ കൂടിയതോടെ പെണ്‍കുട്ടി ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിച്ചു. ഇതോടെ നായ്ക്കുരുണപ്പൊടി ശരീരമാകെ പടർന്നു. ചൊറിച്ചില്‍ സഹിക്കാതെ പെണ്‍കുട്ടി നിരവധി ആശുപത്രികള്‍ കയറിയിറങ്ങി.

ഇതോടെ പെണ്‍കുട്ടിയുടെ മോഡല്‍ പരീക്ഷയും മുടങ്ങി. ചൊറിഞ്ഞ് ശരീരത്തില്‍ മുറിവുവരെ ആയതോടെ പെണ്‍കുട്ടി മാനസികമായും തളർന്നു. ജോലിക്ക് പോകാതെ മകള്‍ക്ക് വീശിക്കൊടുത്തും മാനസിക പിന്തുണകൊടുത്തും താൻ കൂട്ടിരിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. സംഭവം അറിഞ്ഞിട്ട് സ്കൂള്‍ അധികൃതർ തുടക്കം മുതല്‍ വിദ്യാർഥിയോട് മോശമായി പെരുമാറിയെന്ന് അമ്മ ആരോപിച്ചു. കടുത്ത വേദനയില്‍ പെണ്‍കുട്ടി കഴിയുമ്ബോഴും ക്ലാസിലെത്താൻ സ്കൂളില്‍ നിന്ന് നിർബന്ധിച്ചെന്നും ഹാജരില്ലാതെ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു. വിഷയത്തില്‍ വിദ്യഭ്യാസ മന്ത്രി ഇടപെടണമെന്നാണ് അമ്മ പറയുന്നത്.

Previous Post Next Post