ഡെറാഡുണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയവരില്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്തി. മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ 32 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 57 പേരായിരുന്നു ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയത്. ഇനി 25 പേരെക്കൂടി രക്ഷപ്പെടുത്താനുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഗര്‍വാള്‍ സ്‌കൗട്ടുകള്‍, നാട്ടുകാര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനാ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
ചമോലി ജില്ലയിലെ ഉയര്‍ന്ന മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാനയ്ക്കും മാന പാസിനും ഇടയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തിന് ഇരയായത്. ഹൈവേകള്‍ ഉള്‍പ്പെടെയുള്ള പാതകളില്‍ മഞ്ഞ് മൂടിക്കിടക്കുന്നത് രക്ഷാ പ്രവര്‍ത്തനത്തിനെയും ബാധിച്ചിട്ടുണ്ട്.