സ്ത്രീധനം കുറഞ്ഞുപോയി; കാസര്‍കോട് വാട്‌സ് ആപ്പിലൂടെ മുത്തലാഖ്; പരാതിയുമായി 21കാരി

കാസര്‍കോട്: 21കാരിയെ വാട്‌സ് ആപ്പിലുടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശിയായ റസാഖാണ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് യുഎഇയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്‌സ് ആപ്പ് വഴി അയച്ചത്. കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.

സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. ഭര്‍തൃമാതാവും സഹോദരിയും നിരന്തരം പീഡിപ്പിക്കുകയും മുത്തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. സ്ത്രീധനമായി റസാഖ് 50 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹ ദിവസം 20 പവന്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. സ്ത്രീധനം കുറഞ്ഞതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടതായും ഭക്ഷണമില്ലാതെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മാനസികമായി പീഡിപ്പിതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.

Previous Post Next Post