യൂട്യൂബ് നോക്കി വയർ മുറിച്ച് ശസ്‌ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍. ഉത്തർപ്രദേശിലെ വൃന്ദാവനില്‍ നിന്നുള്ള 32 വയസുകാരനാണ് യൂട്യൂബ് നോക്കി അപ്പെൻഡിസൈറ്റിസ് ശസ്‌ത്രക്രിയ നടത്താൻ പഠിച്ച് സ്വയം വയറ് മുറിച്ചത്.
ശസ്‌ത്രക്രിയ നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സുൻറാഖ് ഗ്രാമവാസിയായ രാജ ബാബു വർഷങ്ങളായി അപ്പൻഡിസൈറ്റിസ് രോഗബാധിതനാണ്. കുറച്ച് ദിവസങ്ങളായി ഇയാള്‍ക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. ഡോക്‌ടർ നല്‍കിയ മരുന്ന് കഴിച്ചിട്ടും വേദന കുറഞ്ഞില്ല. വേദന കഠിനമായതോടെ മഥുരയില്‍ നിന്ന് വാങ്ങിയ ഒരു സർജിക്കല്‍ ബ്ലേഡ്, സൂചി, തുന്നല്‍ ചരട്, മരുന്നുകള്‍ എന്നിവ ഉപയോഗിച്ച് ഇയാള്‍ വയറില്‍ 11 തുന്നലുകള്‍ ഇട്ടു. അനസ്‌തേഷ്യയുടെ ഫലം കുറഞ്ഞപ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങി. നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ ഇയാളെ കണ്ട് വീട്ടുകാർ ഭയന്നു. തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ആഗ്രയിലെ എസ്‌എൻ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായ രാജ ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല.