എബിവിപിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്; അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡൽഹിയെ നയിക്കാനായി രേഖ ​ഗുപ്ത എത്തുന്നു

ന്യൂഡൽഹി: ദിവസങ്ങളോളം നീണ്ട ആലോചനകൾക്കും സസ്പെൻസുകൾക്കുമൊടുവിൽ ബുധനാഴ്ച ബിജെപി ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഷാലിമാർ ബാഗ് നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച 50 കാരിയായ രേഖ ​ഗുപ്തയാണ് ഇനി ഡൽഹിയെ നയിക്കുക. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

മൂന്ന് പതിറ്റാണ്ടിനു ശേഷം രാജ്യ തലസ്ഥാനത്ത് ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയായി വിവിധ പേരുകൾ പരി​ഗണിച്ചെങ്കിലും ഏറ്റവുമൊടുവിൽ നറുക്ക് വീണത് രേഖയ്ക്ക് ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത ഷാലിമാര്‍ ബാഗിന്റെ എംഎല്‍എ ആയത്. ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ് രേഖ. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ വഴികളിൽ സുപരിചിതയാണ്. 

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് രേഖ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ (ഡിയുഎസ്‌യു) മുന്‍ പ്രസിഡന്റ് ആയിരുന്നു ഇവർ. 1996-97 വര്‍ഷത്തിലാണ് ഇവര്‍ ഡിയുഎസ്‌യുവിനെ നയിച്ചത്. 2007 ലും 2012 ലും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി. 5.3 കോടി രൂപയുടെ ആസ്തിയാണ് രേഖ ​ഗുപ്തയ്ക്കുള്ളത്.

ബിരുദധാരി കൂടിയാണ് രേഖ. നിലവിൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നുണ്ട്. സാമൂഹിക രം​ഗത്തും സ്ത്രീ ശാക്തീകരണ വിഷയങ്ങളിലും സജീവമായി ഇടപ്പെടൽ നടത്തുന്ന വ്യക്തി കൂടിയാണിവർ. ബിജെപി യുവമോർച്ചയിലും സുപ്രധാന പദവി വഹിച്ചിട്ടുണ്ട്.

Previous Post Next Post