എലപ്പുള്ളി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. ബ്രൂവറിക്കായി എത്ര വെള്ളം വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല. സര്‍ക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല. കൊക്കക്കോള കമ്പനിയേക്കാള്‍ വെള്ളം ബ്രൂവറിക്ക് ആവശ്യമായി വരും. മലമ്പുഴ ഡാമില്‍ ആവശ്യത്തിന് വെള്ളമില്ല. ഭൂഗര്‍ഭജലം മലിനമാക്കിയതിന് കുറ്റവാളിയായി നില്‍ക്കുന്ന കമ്പനിയാണ് ഒയാസിസ് എന്നും വി ഡി സതീശന്‍ പറഞ്ഞു.
ബ്രൂവറി വിഷയത്തില്‍ സിപിഐ നിലപാടില്ലാത്ത പാര്‍ട്ടിയായി മാറി. സാധാരണ സിപിഐയെ എകെജി സെന്ററിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അപമാനിച്ചിരുന്നത്. ഇത്തവണ എംഎന്‍ സ്മാരകത്തില്‍ തന്നെ പോയി സിപിഐയെ അപമാനിച്ചു. സിപിഐ ആസ്ഥാനത്ത് പോയി സിപിഐ നിലപാടിനെതിരായ തീരുമാനമാണ് മുഖ്യമന്ത്രി അടിച്ചേല്‍പ്പിച്ചത്. സിപിഐ എന്തിന് കീഴടങ്ങി? ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായി. വി ഡി സതീശന്‍ പറഞ്ഞു.
കേരളം വ്യവസായ സൗഹൃദമെന്ന് വ്യവസായ മന്ത്രി പറഞ്ഞത് ഊതി പെരുപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്. പെട്ടിക്കടയും ബേക്കറിയും വരെ സംരംഭ പട്ടികയിലുണ്ട്. കേരളത്തില്‍ റീട്ടെയില്‍, ഹോള്‍സെയില്‍ വ്യാപാരം തകരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച് പിഎസ് സിയില്‍ വന്‍ ശമ്പള വര്‍ധന നടത്തിയ സര്‍ക്കാര്‍, സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
'സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു'
ബ്രൂവറി വിഷയത്തില്‍ സിപിഐയും ആര്‍ജെഡിയും ഇടതുമുന്നണി യോഗത്തില്‍ നിലപാട് മറന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. സിപിഐക്ക് എതിര്‍ നിലപാടെങ്കിലും എല്‍ഡിഎഫ് യോഗത്തില്‍ അവര്‍ പറഞ്ഞില്ല. യോഗത്തില്‍ മറ്റുള്ളവരും മിണ്ടിയില്ല. ബ്രൂവറി തുടങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സായിപ്പിനെ കണ്ടപ്പോള്‍ അവര്‍ കവാത്ത് മറന്നു. കമ്പനി കാണേണ്ട രീതിയില്‍ കണ്ടിട്ടുണ്ടാകുമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ബ്രൂവറി പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. അല്ലെങ്കില്‍ സര്‍ക്കാര്‍ ഇത്ര വാശി പിടിക്കുന്നതെന്തിന്. ഡല്‍ഹി മദ്യനയക്കേസില്‍ പ്രതിയായ ഒയാസിസ് കമ്പനിയെ എന്തിനാണ് സിപിഎം ആനയിച്ചു കൊണ്ടു വന്നത്?. ഈ കമ്പനിക്ക് നേരത്തെ അറിയാമായിരുന്നു കേരള സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുന്നത്. ആസൂത്രിതമായ നീക്കമാണ് ഇതിനു പിന്നിലുള്ളത്. മന്ത്രിസഭയെ ഹൈജാക്ക് ചെയ്തുകൊണ്ടാണ് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.