പ്രയാഗ് രാജ്: മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
കുംഭമേളയോടനുബന്ധിച്ച് കോടി കണക്കിനാളുകളാണ് ഗംഗാനദിയില്‍ പുണ്യസ്നാനം നടത്തിയത്. ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ജലപരിശോധന നടത്തി അതിന്റെ പരിശോധനാഫലം വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡിനോടും ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും നിര്‍ദേശച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതിന് തയ്യാറായില്ലെന്ന് ട്രൈബ്യൂണല്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗമായ എ സെന്തില്‍ വേല് എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. ചില ജലപരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കവറിങ് ലെറ്റര്‍ മാത്രമാണ് ബോര്‍ഡ് സമര്‍പ്പിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി.
ഗംഗാനദിയിലെ പലയിടങ്ങളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദിനീയമായതിലും ഉയര്‍ന്നതാണെന്നാണ് യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലും പറയുന്നത്. 100 മില്ലി ലിറ്റര്‍ ജലത്തില്‍ 2500 യൂണിറ്റുകള്‍ മാത്രമാണ് കോളിഫോം ബാക്ടീരിയയുടെ അനുവദിനീയമായ പരമാവധി അളവ്. ഗംഗാനദിയുടെ പ്രയാഗ്രാജിലെ ജലത്തിന്റെ ഗുണനിലവാരം പരിപാലിക്കേണ്ട ചുമതലയുള്ള, യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയോട് ബുധനാഴ്ച വെര്‍ച്വലായി ഹാജരാകാന്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.