'നിസ്സഹായരായി നില്‍ക്കുന്ന ഒരു ജനതയെ വെല്ലുവിളിക്കുന്നു'; വയനാടിന് വായ്പ അനുവദിച്ചതില്‍ വിമര്‍ശനം

മുണ്ടക്കൈ പുനരധിവാസത്തിനായി പ്രത്യേക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്നും അദ്ദേഹം പറഞ്ഞു. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടു നിസഹായരായി നില്‍ക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നതു കേന്ദ്ര സര്‍ക്കാര്‍ മറക്കരുതെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു.

''50 വര്‍ഷത്തേക്കുള്ള വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാര്‍ച്ച്‌ 31നു മുന്‍പ് വിനിയോഗിക്കണമെന്നതാണു നിര്‍ദേശം. ഇതു അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീര്‍ത്ത് ശ്വാസം മുട്ടിക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്ബത്തികമായി സഹായിച്ച അതേ സര്‍ക്കാരാണ് കേരളത്തിന് അര്‍ഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്ബത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കേണ്ടത്. അതു നല്‍കാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.'' സതീശന്‍ ആരോപിച്ചു.
വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Previous Post Next Post