പ്രതി അനൂപിന്റെ ലക്ഷ്യം ഇൻസ്റ്റഗ്രാം പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടാനും ലൈംഗികമായി ഉപയോ​ഗിക്കാനും; ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

കൊച്ചി: ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത മരിച്ച സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു.

തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. ആറ് ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെൺകുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

ലഹരി ഉപയോ​ഗിക്കാൻ അനൂപ് സ്ഥിരമായി പെണ്‍കുട്ടിയില്‍ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം യുവതിയുടെ സംസ്കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിക്കും.

പോസ്റ്റ്‍‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അനൂപിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ 19 കാരി ഇന്നലെയാണ് മരിച്ചത്.

Previous Post Next Post