ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഫ്ലാറ്റില്‍നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റുകള്‍ പൊലീസ് ശേഖരിക്കും.
സ്കൂള്‍ അധികൃതരുടെയും സഹപാഠികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മിഹിര്‍ അഹമ്മദിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോർ മിഹിർ' എന്ന പേരില്‍ ഇൻസ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടിരുന്നു. മിഹിറിന്റെ ചില സുഹൃത്തുക്കള്‍ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. ഇതിലെ ചാറ്റുകളില്‍ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ചില സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജ് പിന്നീട് അപ്രത്യക്ഷമായി.
ഇൻസ്റ്റഗ്രാം പേജില്‍ നിന്ന് ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ഇൻസ്റ്റഗ്രാമിന് പൊലീസ് കത്തയച്ചു. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകും. ഈ ഗ്രൂപ്പ് തുടങ്ങിയത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മിഹിർ ജീവനൊടുക്കിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.