ഒരു റണ്‍, ഒരേ ഒരു റണ്‍ ! ആ ഒരൊറ്റ റണ്ണിന്റെ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തില്‍ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍.
തോല്‍വിയുടെ വക്കില്‍ നിന്നാണ് കേരളം സെമി ടിക്കറ്റ് പൊരുതി നേടിയത്. ക്വാർട്ടറില്‍ ജമ്മു കശ്മീരിനെതിരേ സമനില വഴങ്ങേണ്ടിവന്നെങ്കിലും ഒന്നാമിന്നിങ്സില്‍ നേടിയ ഒരു റണ്‍ ലീഡിന്റെ ബലത്തിലാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. തോല്‍ക്കാൻ തയ്യാറാകാതെ സല്‍മാൻ നിസാർ രണ്ട് ഇന്നിങ്സുകളിലും നടത്തിയ പോരാട്ടമാണ് കേരളത്തിന്റെ മുന്നേറ്റത്തിന് കരുത്തായത്. രണ്ടാമിന്നിങ്സില്‍ മുഹമ്മദ് അസറുദ്ദീനും സല്‍മാനൊപ്പം ഉജ്വല ചെറുത്തുനില്‍പ്പ് നടത്തി. അസറുദ്ദീൻ 118 പന്തില്‍ നിന്ന് 67 ഉം സല്‍മാൻ 162 പന്തില്‍ നിന്ന് 44 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളി. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം. രണ്ടാം സെമിയില്‍ മുംബൈയും വിദർഭയും മത്സരിക്കും. 2018-19 സീസണിലാണ് ഇതിന് മുൻപ് കേരളം രഞ്ജി സെമിയിലെത്തിയത്. അന്ന് ലസെമിയില്‍ വിദർഭയോടാണ് പരാജയപ്പെട്ടത്.
സ്കോർ-ജമ്മു കശ്മീർ - 280, 399/9 ഡിക്ല. കേരളം - 281, 295/6
ക്വാർട്ടറില്‍ ജമ്മു കശ്മീർ ഉയർത്തിയ 399 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ് തുടർന്ന കേരളം ശ്രദ്ധയോടെയാണ് കളിച്ചത്. ജയിക്കാൻ ശ്രമിക്കുന്നതിനേക്കാള്‍ തോല്‍ക്കാതിരിക്കാനാണ് കേരളം ശ്രദ്ധിച്ചത്. മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ തന്നെ കേരളത്തിന് സെമിയിലെത്താമെന്ന സ്ഥിതിയായിരുന്നു. ആദ്യ ഇന്നിങ്സില്‍ നിർണായക ലീഡ് നേടാനായതാണ് ടീമിന് രക്ഷയായത്. മത്സരം സമനിലയിലായതിനാല്‍ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തില്‍ കേരളം സെമിയിലെത്തി. ഒന്നാമിന്നിങ്സില്‍ ഒരു റണ്ണിന്റെ ലീഡാണ് കേരളം നേടിയത്.
രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടീം സ്കോർ 128 ല്‍ നില്‍ക്കേ 48 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെ നഷ്ടമായി. പിന്നാലെ സച്ചിൻ ബേബിയും(48)കൂടാരം കയറിയതോടെ കേരളം പ്രതിരോധത്തിലായി. ജലജ് സക്സേനയും(18) ആദിത്യ സർവാതെയും (8) നിരാശപ്പെടുത്തി. കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലേക്ക് വീണു. എന്നാല്‍ സല്‍മാൻ നിസാറും മുഹമ്മദ് അസ്സറുദ്ദീനും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. ജമ്മു കശ്മീർ ബൗളർമാർ വിക്കറ്റ് വീഴ്ത്താനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സല്‍മാൻ നിസാറും മുഹമ്മദ് അസ്സറുദ്ദീനും പുറത്താവാതെ നിന്നു. മത്സരം സമനിലയിലായതോടെ കേരളം സെമിയില്‍ പ്രവേശിച്ചു.