മുളകുപൊടി പാക്കറ്റ് പൊട്ടി റോഡില്‍ വീണു, കാറ്റില്‍ പടര്‍ന്നു, വലഞ്ഞ് യാത്രക്കാര്‍

കൊച്ചി: കളമശേരി പത്തടിപ്പാലം റോഡിൽ വാഹനത്തിൽ നിന്ന് വീണ മുളകുപൊടി പാക്കറ്റ് പൊട്ടി യാത്രക്കാർ വലഞ്ഞു. റെസ്റ്റ് ഹൗസിനു സമീപം എറണാകുളം ഭാഗത്തേക്കുള്ള ദേശീയപാതയിൽ ഇന്നലെ രാവിലെ 8.45നാണ്‌ സംഭവം. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ 250 ഗ്രാമിന്റെ രണ്ട് മുളകുപൊടി പാക്കറ്റുകളാണ്‌ യാത്രക്കാരെ കുരുക്കിയത്.

വാഹനങ്ങൾ കയറിയിറങ്ങി പാക്കറ്റുകൾ പൊട്ടിയതോടെ മുളകുപൊടി കാറ്റിൽ പറന്നു. ഇതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടികയറി. തുമ്മലും കണ്ണെരിച്ചിലും തുടങ്ങിയതോടെ പലരും വാഹനങ്ങൾ റോഡരികില്‍ നിർത്തി മുഖവും കണ്ണും കഴുകിയാണ് യാത്ര തുടർന്നത്.

പ്രദേശത്ത് വലിയതോതിൽ ഗതാഗതക്കുരുക്കുമുണ്ടായി. മുളകുപൊടി കൂടുതൽ പ്രദേശത്തേക്കു വ്യാപിച്ചതോടെ കളമശേരി പൊലീസും അഗ്നി രക്ഷാസേനയുമെത്തി റോഡ് കഴുകിയശേഷമാണ് പ്രശ്നപരിഹാരമായത്.

Previous Post Next Post