വർക്കലയില്‍ സ്വകാര്യ ബസ്സില്‍ വച്ച് ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍.
തെലങ്കാന സ്വദേശിയായ 19 വയസ്സുള്ള രാഹുലാണ് അയിരൂർ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടുകൂടിയാണ് സംഭവം.
സ്കൂളില്‍ നിന്നും സ്വകാര്യ ബസ്സില്‍ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒരു യുവാവ് തങ്ങളുടെ ദൃശ്യങ്ങള്‍ പകർത്തുന്നത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പെണ്‍കുട്ടി മാതാവിനെ വിവരമറിയിച്ചു.
പെണ്‍കുട്ടിയുടെ മാതാവ് സ്വകാര്യ ബസ് വർക്കല തച്ചോട് ഭാഗത്ത് വച്ച് വഴിയില്‍ തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ ദൃശ്യങ്ങള്‍ പകർത്തിയ യുവാവിനെ പിടികൂടുകയായിരുന്നു. യുവാവിൻ്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ദൃശ്യങ്ങള്‍ പകർത്തിയതും പകർത്തിയ ദൃശ്യങ്ങള്‍ സ്നാപ് ചാറ്റ് എന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരിക്കുന്നതും വ്യക്തമായി.
തുടർന്ന് നാട്ടുകാർ യുവാക്കളെ തടഞ്ഞു വയ്ക്കുകയും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി യുവാവിനെയും ഒപ്പം ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മാതാവ് പരാതി നല്‍കുന്നതിനനുസരിച്ച് തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് ആയിരൂർ പോലീസ് അറിയിച്ചു.