പാതിവില തട്ടിപ്പില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രാഥമികാന്വേഷണത്തിന് ശേഷം ഇഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്തെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതിന് പിന്നാലെയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. നേരത്തേ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇഡി കൂടുതല്‍ വിവരങ്ങളും രേഖകളും ശേഖരിച്ചിരുന്നു.
പാതിവില തട്ടിപ്പില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സർക്കാർ ഉത്തരവ് അടുത്തിടെയാണ് പുറത്തുവന്നത്. സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ക്രൈംബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം കൂടാതെ അന്വേഷണത്തിനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും. ക്രൈംബ്രാഞ്ച് എഡിജിപിഎച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. എല്ലാ ജില്ലകളിലും രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നിര്‍ദേശമുണ്ട്. ജില്ലകളിലെ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി നിശ്ചയിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ ലഭിച്ചത് 1400 ഓളം പരാതികളാണ്. ഇടുക്കിയിലെ മറയൂരിലും കാന്തല്ലൂരിലും അഞ്ഞൂറിലേറെ സ്ത്രീകള്‍ പകുതി വില തട്ടിപ്പിനിരയായി. 160 പരാതികളാണ് മറയൂര്‍ സ്റ്റേഷനില്‍ ലഭിച്ചത്. തോട്ടം തൊഴിലാളികളും സ്‌കൂട്ടര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇടുക്കിയില്‍ 62 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാറും രണ്ടാം പ്രതി നാഷണല്‍ എൻജിഒ കോണ്‍ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണനുമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുനമ്ബം അന്വേഷണ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കിയിരുന്നു.