'അവൻ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും'- കുടുംബ യോഗത്തിലും കവര്‍ച്ചയെക്കുറിച്ച്‌ ചര്‍ച്ച! റിജോയെ ആരും സംശയിച്ചില്ല

നാട്ടില്‍ ആഡംബര ജീവിതം നയിച്ച ചാലക്കുടി ബാങ്ക് കവർച്ചാ കേസ് പ്രതി റിജോ ആന്റണിയിലേക്ക് ഒരിക്കലും ആരുടേയും സംശയം നീണ്ടിരുന്നില്ല.
തമാശകള്‍ പറഞ്ഞും അയല്‍ക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു. കവർച്ചയെക്കുറിച്ചു അയല്‍ക്കാർ ചർച്ച ചെയ്യുമ്ബോള്‍ അതിലും റിജോ സജീവമായി. 

ഇന്നലെ ഇയാളുടെ വീട്ടില്‍ നടത്തിയ കുടുംബ യോഗത്തിലും പ്രതി ഇതേക്കുറിച്ചു ചർച്ച നടത്തി. 'അവൻ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും'- എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കായി പൊലീസ് നാടാകെ പരക്കം പായുമ്ബോള്‍ അതിന്റെ വാർത്തകള്‍ വീട്ടിലിരുന്നു മൊബൈല്‍ ഫോണില്‍ കാണുകയായിരുന്നു റിജോ.
ചെറിയ തെളിവുകള്‍ പോലും ശേഷിപ്പിക്കാതെ നടത്തിയ കവർച്ചയില്‍ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന അത്ര ആത്മവിശ്വാസത്തിലായിരുന്നു റിജോ. മങ്കി ക്യാപും അതിനു മുകളിലെ ഹെല്‍മറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കുമെന്നു കരുതി. ഇടയ്ക്ക് വഴിയില്‍ വച്ച്‌ വസ്ത്രം മാറുമ്ബോള്‍ പോലും ഹെല്‍മറ്റ് മാറ്റിയില്ല.

ബാങ്കില്‍ നിന്നു ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് പല ഇട റോഡുകള്‍ മാറി മാറിയാണ് സഞ്ചരിച്ചത്. ഗ്ലൗസ് ധരിച്ചതിനാല്‍ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു. യാത്രയ്ക്ക് മുൻപ് നീക്കം ചെയ്ത സ്കൂട്ടറിന്റെ കണ്ണാടി തിരികെ പിടിപ്പിച്ചും ആശയക്കുഴപ്പമുണ്ടാക്കാനും നോക്കി.
Previous Post Next Post