മയക്കുവെടിയേറ്റ ആനയെ ചേര്‍ത്തുപിടിച്ച് ഗണപതി എന്ന കൊമ്പന്‍ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഏവരേയും അമ്പരിപ്പിച്ചത്. ആന മയങ്ങി വീണിട്ടും ഗണപതി എന്ന കാട്ടുകൊമ്പന്‍ അവിടെ നിന്നും മാറാതെ നിന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ഇതിനെ തുരത്തി ഓടിച്ചാണ് ഡോക്ടര്‍മാരുടെ സംഘം പരിക്കേറ്റ ആനയ്ക്ക് അരികിലെത്തിയത്.
അതിനിടെ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പാണ്ടുപ്പാറ ചെക്ക്‌പോസ്റ്റ് വഴി കോടനാട് എത്തിച്ചു. കുങ്കിയാനകളുടെ സഹായത്തോടെ രാവിലെ അഞ്ചുമണിയോടെ ആരംഭിച്ച ദൗത്യമാണ് വിജയകരമായത്. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവച്ചത്. ആനയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം രൂപീകരിക്കും.
ഇന്ന് രാവിലെ വെറ്റിലപ്പാറയ്ക്ക് സമീപമുള്ള എണ്ണപ്പന തോട്ടത്തിന് സമീപമാണ് ആനയെ കണ്ടത്. മറ്റൊരു ആനയ്‌ക്കൊപ്പമായിരുന്നു കൊമ്പന്‍. മറ്റൊരു ആന കൂടെ ഉള്ളത് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇതിനെ തുരത്തിയ ശേഷമാണ് കൊമ്പന് മയക്കുവെടിവെച്ചത്. മയക്കുവെടിയേറ്റതോടെ മയങ്ങിവീണ ആനയുടെ ജീവനില്‍ ആശങ്ക ഉയര്‍ന്നിരുന്നു.
എന്നാല്‍ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എഴുനേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റിയതോടെ ദൗത്യം വിജയം കാണുകയായിരുന്നു. കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റുന്നത്. ആനക്കൂടിന്റെ നിര്‍മാണം ഇന്നലെ അഭയാരണ്യത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. മയക്കുവെടിയേറ്റതിനെ തുടര്‍ന്ന് മയങ്ങി വീണ കൊമ്പന്റെ മസ്തകത്തിലെ മുറിവ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ശുചിയാക്കി.
പുഴുവരിച്ച നിലയിലായിരുന്നു മുറിവ്. ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍ ഈ മുറുവ് പുഴുവരിച്ചനിലയില്‍ കണ്ടതോടെയാണ് ആനയുടെ ജീവനില്‍ ആശങ്ക വന്നത്. തുടര്‍ന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളെയാണ് ആനയെ പിടികൂടാനായി എത്തിച്ചിരുന്നത്.