വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി; ഭൂമി വാങ്ങാന്‍ ആയിരം കോടി രൂപ

തിരുവനന്തപുരം: വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ഭൂമി നേരിട്ട് വാങ്ങുന്നതിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ലോകത്തെ പ്രധാന ട്രാന്‍സ്്ഷിപ്പ്‌മെന്റ് ഹബ്ബ് തുറമുഖമായ സിംഗപ്പൂര്‍ മാതൃകയില്‍ വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. എന്‍എച്ച് 66, പുതിയ ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് 744, നിലവിലെ കൊല്ലം -കൊട്ടാരക്കര -ചെങ്കോട്ട എന്‍എച്ച് 744, എംസി റോഡ്, മലയോര തീരദേശ ഹൈവേകള്‍ , തിരുവനന്തപുരം- കൊല്ലം റെയില്‍പാത, കൊല്ലം- ചെങ്കോട്ട റെയില്‍പാത എന്നിങ്ങനെ പ്രധാന ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി കാരണമാകും. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴിയില്‍ ഉടനീളം വിവിധോദ്ദേശ പാര്‍ക്കുകള്‍ , ഉല്‍പ്പാദന കേന്ദ്രങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇടനാഴിക്ക് സമീപമുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് പൊതു സ്വകാര്യ എസ്പിവി മാതൃകയില്‍ വികസിപ്പിക്കും. പദ്ധതി നിര്‍വഹണം ഉറപ്പാക്കാന്‍ എസ്പിവി രൂപീകരിച്ച് ഭൂവികസന, നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തും. നേരിട്ടുള്ള ഭൂമി വാങ്ങലിനായി 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെ സംസ്ഥാനത്തിനും കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം മെട്രോ

ത്ിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും ആനുകൂല്യം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അത് പിഎഫില്‍ ലയിപ്പിക്കുന്നതാണ്. ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇന്‍ പീരീഡ് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് ബജറ്റ് അവതരണം തുടങ്ങിയത്.സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചതായി ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ധനഞെരുക്കം കേരളത്തെ ബാധിച്ചിരുന്നു. ധനഞെരുക്കത്തിന്റെ ഘട്ടത്തിലും ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോള്‍ ധനസ്ഥിതി മെച്ചപ്പെട്ടു. കേരളം വളര്‍ച്ചയുടെ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു

Previous Post Next Post