വയറിങ് കിറ്റുകള്‍ നശിപ്പിച്ചു; സമരക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ കേടാക്കി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആഹ്വാനം ചെയ്ത സമരത്തില്‍ കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ കേടുപാടുകള്‍ വരുത്തി. കൊട്ടാരക്കര ഡിപ്പോയിലെ പത്ത് കെഎസ്ആര്‍ടിസി ബസ്സുകളുടെ വയറിങ് കിറ്റ് അടക്കം നശിപ്പിച്ചതോടെ സര്‍വീസ് മുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍ അന്വഷണത്തിന് ഉത്തരവിട്ടു

അഞ്ച് ഫാസ്റ്റ്, അഞ്ച് ഓര്‍ഡിനറി ബസ്സുകളുടെ വയറിങ് കിറ്റും, സ്റ്റാര്‍ട്ടര്‍, കേബിളുകളും, ഹെഡ് ലൈറ്റും അടക്കമാണ് നശിപ്പിച്ചത്. ആറ് ബസ്സുകളുടെ തകരാറുകള്‍ പരിഹരിച്ചു സര്‍വീസ് നടത്തിയെങ്കിലും ആദ്യ സര്‍വീസ് മുടങ്ങിയത് വന്‍ നഷ്ടമായി. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസ് എടത്തു. വാഹനങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള ഇത്തരം സമരങ്ങള്‍ക്ക് എതിരെ കടുത്ത പ്രതിഷേധമുണ്ടെന്ന് സിഐടിയു അറിയിച്ചു.

കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. 12 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിനു മുന്‍പു നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്നും ഇതാണ് സമരത്തിന്റെ പ്രധാന കാരണമെന്നും ടിഡിഎഫ് നേതാക്കള്‍ പറഞ്ഞു.

Previous Post Next Post