അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ രാവിലെ എട്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും. സാരമായി പരിക്കേറ്റ രണ്ട് പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലുണ്ട്.
ഹർത്താൽ
ദുഃഖസൂചകമായി ഇന്ന് കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ സംയുക്ത ഹർത്താലിന് ആഹ്വാനമുണ്ട്. നഗരസഭയിലെ 17,18 വാർഡുകൾ, 25 മുതൽ 31 വരെയുള്ള വാർഡുകളിലുമാണ് ഹർത്താൽ. കാക്രാട്ട്കുന്ന്, അറുവയൽ, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമൽ, കോമത്തകര, കോതമംഗലം വാർഡുകൾക്കാണ് ഹർത്താൽ ബാധകം.
ആന ഇടഞ്ഞതിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ടാണ് കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവർ മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളുമാണ്.
ഉത്സവത്തോടനുബന്ധിച്ച് എത്തിച്ച ആനകളാണ് ഇടഞ്ഞത്. എഴുന്നള്ളത്തിനായി നെറ്റിപ്പട്ടം കെട്ടി ആനകളെ ഒരുക്കുന്നതിനിടെയാണ് സംഭവം. ക്ഷേത്രത്തിൽ വെടിക്കെട്ട് തുടങ്ങിയതിന് പിന്നാലെ ഓരാന അക്രമസക്തനായി മറ്റൊരു ആനയെ കുത്തി. ഇതോടെ രണ്ടാനകളും വിരണ്ടോടുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ആനകളെ പിന്നീട് തളച്ചു.