എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് ചമഞ്ഞ് കര്‍ണാടകയിലെ ബീഡിക്കമ്ബനി ഉടമയുടെ വീട്ടില്‍ റെയ്ഡ് നടത്തി 45 ലക്ഷം രൂപ തട്ടിയെടുത്ത പോലിസുകാരന് അറസ്റ്റില്‍.
കൊടുങ്ങല്ലൂര്‍ പോലിസ് സ്റ്റേഷനിലെ എഎസ്ഐയായ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏര്‍വാടിക്കാരന്‍ ഷഹീര്‍ ബാബുവിനെ(50)യാണ് ദക്ഷിണ കന്നഡ ജില്ലയിലെ വിട്ടഌപോലിസ് സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഷഹീറിനൊപ്പം വ്യാജ റെയ്ഡില്‍ പങ്കെടുത്ത മൂന്നുപേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം പിടികൂടിയിരുന്നു.
ഷഹീര്‍ ബാബു ഉള്‍പ്പെടെ ആറംഗ സംഘമാണു ജനുവരി മൂന്നിനു ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കോള്‍നാട് നര്‍ഷ സ്വദേശിയായ വ്യവസായി എം സുലൈമാന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. രാത്രി എട്ടോടെ തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറിലെത്തിയ ആറംഗ സംഘം ഇഡി ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി വീട്ടിലേക്കു കയറുകയായിരുന്നു. വീടാകെ അരിച്ചുപെറുക്കിയ സംഘം 45 ലക്ഷം രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. രേഖകള്‍ ഹാജരാക്കിയാല്‍ പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് സംഘം മടങ്ങിയത്. സുലൈമാന്റെ മകന് നടത്തിയ അന്വേഷണത്തിലാണ് എത്തിയത് വ്യാജ സംഘമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്.