ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കുംതിരക്കിലും പെട്ട് 18 പേർ മരിച്ചു. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം.
തിക്കിലും തിരക്കിലും പെട്ട് അമ്ബതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്.
പ്ലാറ്റ്ഫോം 14 ല്‍ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാല്‍ 12, 13 പ്ലാറ്റ്ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്സ്പ്രസുകള്‍ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍ വിന്യസിച്ചിട്ടുണ്ടെന്നും സ്റ്റേഷനില്‍ തീർഥാടകരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിക്കും കമ്മീഷണർക്കും ലഫ്. ഗവർണർ അടിയന്തരനടപടിക്ക് നിർദേശം നല്കി.