ഇരിങ്ങാലക്കുടയില്‍ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പ്; ഉടമകള്‍ ഒളിവില്‍.


ഇരിങ്ങാലക്കുടയില്‍ വമ്ബൻ നിക്ഷേപത്തട്ടിപ്പ്. ഷെയർ ട്രേഡിങ്ങിന്റെ മറവില്‍ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പാണ് നടന്നത്.

പത്ത് ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിമാസം 30,000 മുതല്‍ അരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിംഗ് സ്ഥാപനത്തിനെതിരെയാണ് പരാതി.

32 പേരുടെ പരാതിയില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിൻ കെ ബാബു, ഭാര്യ ജയ്‌ത വിജയൻ, സഹോദരൻ സുബിൻ കെ ബാബു, ലിബിൻ എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തു. ബിബിൻ കെ ബാബുവും സഹോദരങ്ങളും ഒളിവിലാണ്. 32 പേരില്‍ നിന്നായി 150 കോടിയിലേറെ രൂപ ബില്യൻ ബീസ് ഉടമകള്‍ തട്ടിയെടുത്തെന്നാണ് പരാതി.

നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ നല്‍കാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നല്‍കാമെന്നുമായിരുന്നു ബില്യൻ ബീസ് ഉടമകള്‍ പരാതിക്കാരുമായി കരാറുണ്ടാക്കിയത്. കമ്ബനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകർക്ക് പണം നല്‍കുമെന്നും ഇവർ ഉറപ്പുപറഞ്ഞിരുന്നു.

ഇതിന് തെളിവായി ബിബിൻ, ജയ്ത, സുബിൻ, ലിബിൻ എന്നിവർ ഒപ്പുവച്ച ചെക്കും നിക്ഷേപകർക്ക് നല്‍കിയിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകർ പണം തിരികെ ചോദിച്ച്‌ എത്തിയപ്പോള്‍ കമ്ബനി ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഇവർ ദുബായിലേക്ക് കടന്നെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Previous Post Next Post