ആയുർവേദം, ഹോമിയോപതി, യോഗ, പ്രകൃതി ചികിത്സ, സിദ്ധ, യുനാനി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് ആരോഗ്യ ശാഖകളെ സംബന്ധിച്ചാണ് ആദ്യമായി അഖിലേന്ത്യാ സർവേ നടത്തിയത്. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളേയും നഗര പ്രദേശങ്ങളേയും ഉള്‍ക്കൊള്ളിച്ച് കൊണ്ടായിരുന്നു സർവേ. രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രസവാനന്തര ശുശ്രൂഷയ്ക്കും ഗർഭിണികളുടെ പരിചരണത്തിനും മറ്റുമുള്ള ആയുഷ് ചികിത്സാരീതികളുടെ ഉപയോഗം, ഗൃഹ ഔഷധങ്ങള്‍, ഔഷധ സസ്യങ്ങള്‍, ആയുഷ് പാരമ്ബര്യ അറിവുകള്‍ എന്നിവയെപ്പറ്റിയും സർവേയില്‍ വിശകലനം ചെയ്തു.
,സംസ്ഥാന ആയുഷ് വകുപ്പ് ആയുഷ് മേഖലയില്‍ നടത്തി വരുന്ന പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ദേശീയ ആയുഷ് സാമ്ബിള്‍ സർവേ ഫലം കാണിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുഷ് മേഖലയിലെ ബജറ്റ് വിഹിതത്തില്‍ മുൻകാലങ്ങളെക്കാളും മൂന്നിരട്ടിയോളം വർധനവാണ് ഈ സർക്കാരിന്റെ കാലത്ത് വരുത്തിയിട്ടുള്ളത്. കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ആയുർവേദ ഹോമിയോ സ്ഥാപനങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു. 700-ഓളം ആയുഷ് ഹെല്‍ത്ത് & വെല്‍നെസ് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ആയുഷ് സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തി. കോവിഡ് സമയത്ത് ജനങ്ങള്‍ രോഗ പ്രതിരോധത്തിന് ആയുഷ് ചികിത്സാ ശാഖകളെ ധാരാളമായി ആശ്രയിച്ചു. മികച്ച സൗകര്യങ്ങളാലും ഗുണമേന്മയുള്ള ചികിത്സയാലും ആയുഷ് മേഖലയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് കൂടാതെ വിവിധ മാധ്യമങ്ങള്‍ വഴി ശക്തമായ അവബോധമാണ് ആയുഷ് മേഖലയില്‍ നടത്തിവരുന്നത്.
ആയുഷ് ശാഖകളെ പറ്റിയുള്ള അവബോധത്തിലും ഉപയോഗത്തിലും ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നിലാണ് കേരളം. സർവേ പ്രകാരം ആയുഷ് ആരോഗ്യ ശാഖകളെ പറ്റിയുള്ള അവബോധം കേരളത്തിലെ നഗര മേഖലകളില്‍ 99.3 ശതമാനവും ഗ്രാമീണ മേഖലകളില്‍ 98.43 ശതമാനവും ആണ്. കേരളത്തിലെ ആയുഷ് മേഖലയെപ്പറ്റി സമഗ്രവും ആഴത്തിലുള്ളതുമായ വിവരങ്ങളാണ് ദേശീയ സാമ്ബിള്‍ സർവ്വേ വഴി ലഭിച്ചിട്ടുള്ളത്. 98 ശതമാനം ആള്‍ക്കാരിലും ആയുഷ് ശാഖകളെ കുറിച്ച് വ്യക്തമായ അറിവുണ്ട്. നഗര, ഗ്രാമീണ മേഖലകളില്‍ 52 ശതമാനം ആളുകള്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി ആയുഷ് ശാഖകളെ ആശ്രയിക്കുന്നു. ഗ്രാമ പ്രദേശങ്ങളിലുള്ള 38.64 ശതമാനം പേരും നഗര പ്രദേശങ്ങളിലുള്ള 31.98 ശതമാനം പേരും ആയുർവേദ ശാഖ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഔഷധ സസ്യങ്ങള്‍ ആരോഗ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെപ്പറ്റി 99 ശതമാനം വീട്ടുകാർക്കും കൃത്യമായിട്ടുള്ള അവബോധമുണ്ട്.
ആയുഷ് ചികിത്സയ്ക്കായി സംസ്ഥാന സർക്കാർ ഓരോ വ്യക്തിയ്ക്കും ചെലവാക്കുന്ന തുക ഗ്രാമീണ മേഖലയില്‍ ദേശീയ ശരാശരിയുടെ ഇരട്ടിയും നഗര മേഖലകളില്‍ രണ്ടിരട്ടിയുമാണ്. പത്തില്‍ എട്ട് വീടുകളിലും ആയുഷ് ചികിത്സ അല്ലെങ്കില്‍ മരുന്ന് ഫലവത്താണെന്ന് മനസിലാക്കിയിട്ടുണ്ട്. പത്തില്‍ നാല് വീടുകളും ആയുഷ് ചികിത്സയുടെ മുൻകാല ഗുണഫലങ്ങളെ അടിസ്ഥാനമാക്കി ചികിത്സ തുടരുന്നവരാണ്. ആയുഷ് മേഖലയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ സർവേ.