റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ രാജ്യം; സാംസ്‌കാരിക പൈതൃകവും സൈനിക ശേഷിയും പ്രദര്‍ശിപ്പിക്കും

മറ്റൊരു റിപ്പബ്ലിക്ക് ദിനത്തിലേക്ക് കൂടി കടന്നിരിക്കുകയാണ് രാജ്യം. ഇത്തവണ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നത്.
നാടെങ്ങും ഇതിനായി ഒരുങ്ങി കഴിഞ്ഞു. ഇന്ത്യ റിപ്പബ്ലിക് ആയി മാറിയിട്ട് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടു. 1950ലാണ് ഇന്ത്യ എന്ന ജനാധിപത്യ രാജ്യം സർവ്വാധികാര റിപ്പബ്ലിക് ആയി മാറിയത്. അതിന് ശേഷം കഴിഞ്ഞ 75 വർഷങ്ങളായി നാം മുടങ്ങാതെ ഈ ദിനം അതിന്റെ വിശുദ്ധിയോടെ കൊണ്ടാടുകയാണ്.

ഇത്തവണയും ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവില്ല. റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ്. ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിലും ഇന്തോനേഷ്യൻ പ്രതിനിധിയായിരുന്നു മുഖ്യാതിഥി. ഏഴര പതിറ്റാണ്ടിനിപ്പുറവും അവിടെ നിന്ന് തന്നെയുള്ള അംഗം വന്നത് ഇന്ത്യയുടെ വിദേശ നയത്തിന്റെ വിജയം കൂടിയാണ്.

കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങളാണ് റിപ്പബ്ലിക് ദിന പരേഡിനൊപ്പം അണിനിരക്കുക. കർത്തവ്യപഥില്‍ ഇന്ത്യൻ സൈനികശക്തിയുടെ കരുത്ത് ഇന്ന് ലോകമറിയും. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തും കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Previous Post Next Post