വെര്‍ച്വല്‍ അറസ്റ്റില്‍ കുടുങ്ങി റിട്ട. അധ്യാപകനും കുടുംബവും; രക്ഷകരായി കേരള പൊലീസ്, ലൈവായി തട്ടിപ്പ് പൊളിച്ചു.


തലസ്ഥാനത്ത് അധ്യാപകനെ വെർച്വല്‍ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പൊലീസ് പൊളിച്ചു. വെർച്വല്‍ അറസ്റ്റ് ചെയ്തതായ വിവരം ലഭിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് തട്ടിപ്പ് ശ്രമം കയ്യോടെ തകര്‍ക്കുകയായിരുന്നു.

പൊലീസ് എത്തുമ്ബോള്‍ റിട്ട. അധ്യാപകനടക്കം ഒരു കുടുംബത്തിലെ മൂന്നു പേരെ മുറിയില്‍ തടഞ്ഞു വച്ചിരിക്കുന്നതാണ് കണ്ടത്. സിബിഐ ആണെന്ന് ഭീഷണിപ്പെടുത്തി പൊലീസിനെയും ഭയപ്പെടുത്താൻ തട്ടിപ്പ് സംഘം ശ്രമിച്ചെങ്കിലും തിരിച്ച്‌ പൊലീസ് സംഘം മറുപടി നല്‍കിയതോടെ വീഡിയോ കോള്‍ അവസാനിപ്പിച്ച്‌ തട്ടിപ്പ് സംഘം പിൻവാങ്ങി.

പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെയാണ് പണം നഷ്ടപെടാതെ തട്ടിപ്പില്‍ നിന്ന് അധ്യാപകൻ രക്ഷപ്പെട്ടത്. എന്നാല്‍, തട്ടിപ്പിന്‍റെ പേരില്‍ വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷമാണ് കുടുംബം അനുഭവിച്ചത്. മുബൈയില്‍ നിന്നുള്ള സിബിഐ സംഘമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു തട്ടിപ്പ്. സാധാരണ രീതിയിലുള്ള വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് തന്നെയായിരുന്നു ഇവിടെയും സംഘം പ്രയോഗിച്ചത്. പണം അയക്കാൻ വേണ്ടി നിര്‍ബന്ധിച്ചുകൊണ്ടിരിക്കെയാണ് പൊലീസെത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വീഡിയോ കോള്‍ ചെയ്തിരുന്ന ഫോണ്‍ വാങ്ങിയശേഷം തട്ടിപ്പ് സംഘത്തോട് സംസാരിക്കുകയായിരുന്നു.

തങ്ങളുടെ ജോലിയില്‍ ഇടപെടരുതെന്നും നടപടി നേരിടുമെന്നുമൊക്കെ പറഞ്ഞ് തട്ടിപ്പ് സംഘം കേരള പൊലീസിനെ ഭീഷണിപ്പെടുത്തിയെങ്കിലും തിരിച്ചു മറുപടി നല്‍കിയതോടെ പിന്‍വാങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. മ്യൂസിയം പൊലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് സംഭവം. റിട്ട. അധ്യാപകനെയും ഭാര്യയെയും കുഞ്ഞിനെയും വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് വെച്ചിരിക്കുന്നതാണ് പൊലീസ് എത്തിയപ്പോള്‍ കണ്ടതെന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഷെഫിൻ പറ‍ഞ്ഞു. റിട്ട. അധ്യാപകന്‍റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഒരു ക്രെഡിറ്റ് കാര്‍ഡ് മുബൈ സ്വദേശി എടുത്തിട്ടുണ്ടെന്നും അതുവഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഈ വിവരം ഇവര്‍ ഒരു കുടുംബാംഗത്തെ അറിയിച്ചിരുന്നു. കുടുംബാംഗം അറിയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്.

Previous Post Next Post