ദേവേന്ദുവിനെ കൊന്നത് അമ്മാവന്‍?; കുറ്റം സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്; പൊലീസ് കൂടുതല്‍ പരിശോധനയ്ക്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയതില്‍ അമ്മാവന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ജീവനോടെ കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമ്മാവന്റെ കുറ്റസമ്മതത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തിവരികയാണ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം വിലയിരുത്തി വരികയാണ്.

എന്തിനാണ് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത്?, അമ്മ ശ്രുതിയുടേയോ മുത്തശ്ശിയുടേയോ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. രാവിലെ മുതല്‍ ചോദ്യം ചെയ്യലില്‍ ഒരു ഭാവഭേദവവും കൂടാതെയാണ് കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും പ്രതികരിച്ചിരുന്നത്. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ, ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നായിരുന്നു രാവിലെ അമ്മാവന്‍ ഹരികുമാര്‍ പൊലീസിനോട് പറഞ്ഞത്.

കുട്ടിയുടെ അമ്മ ശ്രീതുയും അച്ഛന്‍ ശ്രീജിത്തും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലൊണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ അടയാളങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. യഥാര്‍ത്ഥ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തത്.

Previous Post Next Post