'ഹരികുമാറിനെ അതേപടി വിശ്വസിക്കാനാവില്ല, ആത്മീയാചാര്യനെക്കുറിച്ചും അന്വേഷണം'

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് റൂറല്‍ എസ്പി കെ എസ് സുദര്‍ശന്‍. കൊലപാതകം നടത്തിയത് കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ ആണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അയാളെ അറസ്റ്റ് ചെയ്തു. പ്രതി പറഞ്ഞത് പൂര്‍ണമായും വിശ്വാസത്തിലെടുക്കാനാവില്ല. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കുകയാണ് എന്നും എസ് പി സുദർശൻ പറഞ്ഞു.

ഈ കേസില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ, വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോ, എന്തിനാണ് ഈ കൃത്യം ചെയ്തത് എന്നതിലെല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കും. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിക്കേണ്ടതുണ്ട്. കൂടാതെ സാഹചര്യ തെളിവുകള്‍ കൂടി വിലയിരുത്തി വിശകലനം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരുത്താനാകൂ.

ആത്മീയാചാര്യനെപ്പറ്റിയുള്ള ബന്ധം അടക്കമുള്ളവ അന്വേഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. പ്രതി പറഞ്ഞ പല കാര്യങ്ങളും പൊലീസിന് മുന്നിലുണ്ട്. അതെല്ലാം അതേപടി വിശ്വസിക്കാനാവില്ല. അതില്‍ വസ്തുതകളുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. കൊലപാതകത്തില്‍ ഒരു പ്രതി മാത്രമേ ഉള്ളൂ എന്ന് പറയാറായിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അക്കാര്യം പറയാനാകൂവെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

അമ്മ ശ്രീതു സംശയ നിഴലിലാണോ എന്ന ചോദ്യത്തിന്, രണ്ടുദിവസം കൂടി കാത്തുനില്‍ക്കൂ, എല്ലാം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് റൂറല്‍ എസ്പി വ്യക്തമാക്കി. രാവിലെ റൂറല്‍ എസ്പി കെ എസ് സുദര്‍ശന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി മരിച്ച കുട്ടിയുടെ സഹോദരിയായ ഏഴു വയസ്സുകാരി, അമ്മൂമ്മ, അച്ഛന്‍ ശ്രീജിത്ത് എന്നിവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു.

Previous Post Next Post