കൊച്ചിയില്‍ അനധികൃതമായി താമസിച്ച് ജോലി ചെയ്ത 27 ബംഗ്ലാദേശികള്‍ പിടിയില്‍; അന്വേഷണം

കൊച്ചി: കൊച്ചിയില്‍ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം റൂറല്‍ പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വടക്കന്‍ പറവൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടെ ഒരുവീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഘം പിടിയിലാകുന്നത്.

നേരത്തെ, സമാനമായ രീതിയില്‍ ഏഴ് ബംഗ്ലാദേശികള്‍ പിടിയിലായിരുന്നു. എറണാകുളം റൂറലില്‍ നിന്നായിരുന്നു ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ആരംഭിച്ച'ഓപ്പറേഷന്‍ ക്ലീന്‍'ന്റെ ഭാഗമായാണ് 27 പേര്‍ പിടിയിലായത്. എന്നാല്‍, ഇത്രയധികംപേര്‍ ഒന്നിച്ച് പിടിയിലാകുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

മൂന്ന് മാസത്തിന് മുമ്പ് ഇവിടെ എത്തിയവരാണ് എന്നാണ് ഇവര്‍ നല്‍കിയ മൊഴി. എന്നാല്‍, ഇത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ബംഗാളില്‍ നിന്നുളള തൊഴിലാളികള്‍ എന്ന വ്യാജേനെയാണ് ഇവര്‍ കേരളത്തിലെ വിവിധ ഇടങ്ങളിൽ ജോലി ചെയ്തതെന്നാണ് പൊലീസ് പറയുന്നു. വിഷയത്തില്‍, വിശദമായ അന്വേഷണമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇത്രയുംപേര്‍ ഒന്നിച്ച് താമസിക്കുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നാണ് വിലയിരുത്തല്‍. ഇവര്‍ എങ്ങിനെയാണ് കേരളത്തിലെത്തിയതെന്നും ആരാണ് താമസസൗകര്യം ഒരുക്കിയതെന്നും പൊലീസ് അന്വേഷിക്കുന്നു.

Previous Post Next Post