കാലിക്കറ്റ് യൂണി. കലോത്സവത്തിനിടെ സംഘര്‍ഷം; എസ്എഫ്‌ഐ നേതാവിന്റെ നില ഗുരുതരം; കെഎസ് യു പ്രവര്‍ത്തകരെ കൊണ്ടുപോയ ആംബുലന്‍സിന് നേരെ ആക്രമണം

തൃശൂര്‍: മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്നു പുലര്‍ച്ചെയോടെയാണ് കെഎസ് യു - എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്‌ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന്റെ നില ഗുരുതരമാണ്.

മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അതേസമയം പരുക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളുമായി പോയ ആംബുലന്‍സ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ആംബുലന്‍സിന്റെ മുന്‍വശത്തെ ഗ്ലാസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന കെഎസ് യു പ്രവര്‍ത്തകരായ ആദിത്യന്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. നാടക അവതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Previous Post Next Post