'മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണം', ജ്യോത്സ്യ പ്രവചനം ചെന്താമരയില്‍ പകയായി

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയെന്നു നാട്ടുകാര്‍. സുധാകരന്റെ കുടുംബത്തോടുള്ള പകയ്ക്ക് കാരണം ജോത്സ്യ പ്രവചനമാണെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. ലോറി ഡ്രൈവറാണ് ചെന്താമര. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും വര്‍ഷങ്ങളായി ഇയാളില്‍ നിന്നും അകന്നു കഴിയുകയാണ്. കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി ചെന്താമരയോട് പറഞ്ഞിരുന്നു.

ആ സ്ത്രീ സുധാകരന്റെ ഭാര്യ സജിതയാണെന്നായിരുന്നു ചെന്താമര വിശ്വസിച്ചിരുന്നത്. ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദം മൂലമാണെന്നാണ്, സജിതയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായപ്പോള്‍ ചെന്താമര പൊലീസിനോട് പറഞ്ഞത്. 2019 ലായിരുന്നു ചെന്താമര സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്.

ചെന്താമരയില്‍ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് ഡിസംബര്‍ 29 ന് സുധാകരന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ചെന്താമരയെ വിളിച്ച് താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു. കൊല്ലപ്പെടുമെന്ന ഭയം മൂലം വീട്ടില്‍ പോയിരുന്നില്ലെന്ന് സുധാകരന്റെ മക്കള്‍ പറഞ്ഞു. ചെന്താമര ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് മൂന്നു പരാതികള്‍ നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് അയല്‍വാസിയായ പുഷ്പയും പറയുന്നു.

ചെന്താമരയ്‌ക്കെതിരെ നാട്ടുകാരും പരാതിപ്പെട്ടിരുന്നു. സജിത കൊലക്കേസില്‍ ജയിലിലായിരുന്ന ചെന്താമര, 2022 മെയ് മാസത്തിലാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായിരിക്കെയാണ് ജാമ്യം ലഭിക്കുന്നത്. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം. പിന്നീട് 2023 ല്‍ ഇത് നെന്മാറ പഞ്ചായത്ത് പരിധിയായി ജാമ്യ ഇളവ് ചുരുക്കി. എന്നാല്‍ ഉപാധി ലംഘിച്ച് ചെന്താമര പഞ്ചായത്തിലെത്തി താമസമാക്കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Previous Post Next Post